'ഒരു കൈയബദ്ധം നാറ്റിക്കരുത്'; ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചനം; പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
ചാമ്പ്യന്‍സ് ട്രോഫിയിലെ ആവേശകരമായ ഇന്ത്യ-പാക് പോരാട്ടത്തില്‍ വിജയക്കൊടി പാറിച്ച് രോഹിത് ശര്‍മ്മയും സംഘവും ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷം സമ്മാനിച്ചിരുന്നു. ദുബായില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 242 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടന്നു. സെഞ്ചുറി നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് ദയനീയമായി പരാജയപ്പെടുമെന്ന് പറഞ്ഞ ഐഐടി ബാബ എന്ന് അറിയപ്പെടുന്ന അഭയ് സിഗിന് നേരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. 'ഈ മത്സരത്തിന്റെ വിധി ഇതിനോടകം തന്നെ കുറിക്കപ്പെട്ടതാണെന്നും പാകിസ്താനെതിരായ കളിയില്‍ പരാജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നുമായിരുന്നു ബാബയുടെ പ്രവചനം. ഈ മത്സരത്തില്‍ വിരാട് കോഹ് ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശ്രമങ്ങള്‍ക്കും ടീമിനെ വിജയിപ്പിക്കാന്‍ കഴിയില്ല' എന്നുമായിരുന്നു ബാബ പ്രവചിച്ചത്.
ഇത് പ്രവചിച്ചപോള്‍ തന്നെ അദ്ദേഹത്തിന് നേരെ ട്രോളുകളും പരിഹാസങ്ങളും ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ആരാധകര്‍ക്ക് രണ്ട് സന്തോഷങ്ങളാണ് മത്സരത്തിലൂടെ ലഭിച്ചത്. തുടര്‍ച്ചയായി ഇന്ത്യ ഐസിസി ടൂര്‍ണമെന്റുകളില്‍ സെമി ഫൈനലുകളിലേക്ക് കടക്കുന്നു, കൂടാതെ ഏറെ നാളായി ഫോം ഔട്ട് ആയിരുന്ന വിരാട് കോഹ് ലി രാകീയമായി തന്റെ 51 ആം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുന്നു.
2017 ഇല്‍ പാകിസ്താനോട് ഫൈനലില്‍ തോല്‍വി ഏറ്റു വാങ്ങിയതിന് മറുപടിയായി രോഹിത്തിനും സംഘത്തിനും കിരീടം നേടാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട അവസാന മത്സരം ഞായറാഴ്ച ന്യുസിലാന്‍ഡിനെതിരെയാണ്.