ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ മരണം നാലായി; തൊഴിലാളികളുടെ സുരക്ഷയില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ്

ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ മരണം നാലായി

Update: 2025-03-02 11:29 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ റോഡ് തൊഴിലാളികളില്‍ ഒരാള്‍ കൂടി മരിച്ചതോടെ മൊത്തം മരണം നാലായി ഉയര്‍ന്നു. ശനിയാഴ്ച മൂന്ന് മൃതദേഹങ്ങള്‍ ദുരന്തസംഘം കണ്ടെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട 55 തൊഴിലാളികളില്‍ അഞ്ചു പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 46 പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏഴ് ഹെലികോപ്റ്ററുകളും കൂടാതെ പ്രത്യേക റെക്കോ റഡാറുകള്‍, യു.എ.വികള്‍, ക്വാഡ്കോപ്റ്ററുകള്‍, അവലാഞ്ച് റെസ്‌ക്യൂ ഡോഗ്സ് തുടങ്ങിയവ കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. അപകടസ്ഥലത്തുനിന്ന് 3.4 കിലോമീറ്റര്‍ അകലെയുള്ള ബദരീനാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് റോഡ് വീതി കൂട്ടുന്ന പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളാണ് ദുരന്തത്തില്‍പ്പെട്ടത്. ഇവരെ മഞ്ഞുവീഴ്ചയും ഹിമപാതവും ഉണ്ടായിട്ടും ഒഴിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നതിന് ഇപ്പോഴും ഉത്തരമില്ല.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഒഴുക്കന്‍ മറുപടിയാണ് നല്‍കിയത്. 'ഒരു അന്വേഷണം നടത്തിക്കഴിഞ്ഞാല്‍ എല്ലാം വ്യക്തമാകും. നമുക്ക് ആദ്യം കാണാതായവരെ രക്ഷിക്കാം. പരിക്കേറ്റവരെ ചികിത്സിക്കാം' - എന്നായിരുന്നു ധാമിയുടെ പ്രതികരണം.

പദ്ധതി വേഗത്തിലാക്കാന്‍ തൊഴിലാളികളുടെ സുരക്ഷ സര്‍ക്കാര്‍ അവഗണിച്ചതായി സംസ്ഥാന കോണ്‍ഗ്രസ് ആരോപിച്ചു. മെയ് 4ന് ബദരീനാഥ് ക്ഷേത്രം വീണ്ടും ഭക്തര്‍ക്കായി തുറക്കാനുള്ള നീക്കത്തിലാണ് ഭരണകൂടം. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന് ചമോലി ജില്ലയിലെ മന ഗ്രാമത്തിനും മന പാസിനുമിടയിലുള്ള മഞ്ഞുമൂടിയ ദബ്രാനി പ്രദേശമാണ് അപകടസ്ഥലം. 'ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍' റോഡ് വീതി കൂട്ടല്‍ പദ്ധതി സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുത്തിരുന്നു.

കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയോ അല്ലാതെയോ പ്രദേശത്ത് ഈ സീസണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായ മഞ്ഞുവീഴ്ച, ഹിമപാതങ്ങള്‍, ഹിമാനികള്‍ തകര്‍ച്ച എന്നിവ കാരണം നവംബര്‍ മുതല്‍ ഏപ്രില്‍ വരെ അവിടെ സിവിലിയന്‍ സഞ്ചാരം നിരോധിച്ചിരിക്കുകയാണെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News