രോഗിയായ ഭാര്യയെ പരിചരിക്കാൻ ഭർത്താവ് ജോലി രാജിവെച്ചു; പിന്നാലെ യാത്രയയപ്പ് ചടങ്ങിനിടെ വിധി കവർന്നു; ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; ദാരുണ സംഭവം ജയ്പൂരിൽ
ജയ്പൂർ: ഭാര്യയെ ശുശ്രൂഷിക്കാൻ ജോലിയിൽ നിന്നും നേരത്തെ വിരമിച്ച ഭർത്താവ്. പിന്നാലെ യാത്രയയപ്പ് ചടങ്ങിനിടെ തന്റെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. ഇനിയുള്ള കാലം രോഗിയായ ഭാര്യയെ പരിചരിക്കാമെന്ന് കരുതിയാണ് ഭർത്താവ് വിആർഎസ് എടുത്തത്. അതിനിടെയാണ് ഭാര്യയെ വിധി കവർന്നത്.
വിരമിക്കാൻ മൂന്ന് വർഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താൾ വോളന്‍ററി റിട്ടയർമെന്‍റ് എടുത്തത്. ഹൃദ്രോഗിയായ ഭാര്യ ടീനയെ പരിചരിച്ച് ഇനിയുള്ള കാലം എപ്പോഴും ഒപ്പമുണ്ടാകാനായിരുന്നു തീരുമാനം. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിലെ മാനേജരായിരുന്നു ദേവേന്ദ്ര സന്താൾ.
യാത്രയയപ്പ് ചടങ്ങിനായി ദേവേന്ദ്ര സന്താളിനൊപ്പം ഭാര്യ ടീനയും എത്തിയിരുന്നു. ഇരുവരെയും സഹപ്രവർത്തകർ മാലയണിയിച്ച് വേദിയിലിരുത്തി. പെട്ടെന്ന് ടീനയ്ക്ക് തളർച്ച അനുഭവപ്പെട്ടു. ഉടൻ വെള്ളം കൊണ്ടുവരാൻ സന്താൾ അവിടെയുണ്ടായിരുന്നവരോട് ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ ഇതൊന്നും അറിയാതെ ക്യാമറ നോക്കി ചിരിക്കാൻ ആവശ്യപ്പെട്ടവർക്ക് മുൻപിൽ ടീന ചിരിച്ചു. പിന്നാലെ മേശയിലേക്ക് തല ചായ്ച്ചു കിടന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ടീനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.