മൂത്രമൊഴിക്കാൻ കാടിനുള്ളിലേക്ക് കയറിയതും നിലവിളി ശബ്ദം; ഒഡിഷയിൽ ആദിവാസി സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു; പ്രതികളെ പൊക്കി പോലീസ്
ഭുവനേശ്വര്‍: ആദിവാസി സ്ത്രീയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ഒഡിഷയിലെ അങ്കുള്‍ ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രതികളായ മൂന്നുപേരെ പോലീസ് പിടികൂടിയത്. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ബന്ധുവായ യുവാവിനൊപ്പം അങ്കുളിലെ ഛെണ്ടിപാഡ പ്രദേശത്തെ ഒരു ആശുപത്രിയില്‍നിന്ന് ഇരുചക്ര വാഹനത്തില്‍ മടങ്ങുംവഴിയാണ് ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്.
വാഹനത്തില്‍ ഇന്ധനം നിറയ്ക്കാനും ഭക്ഷണം കഴിക്കാനുമായി മൂന്നു മണിയോടെ ഇവര്‍ ഒരു പെട്രോള്‍ പമ്പിനു സമീപം വണ്ടിനിര്‍ത്തി. ഈ സമയം സ്ത്രീ മൂത്രമൊഴിക്കാനായി സമീപത്തെ ഒരു കാട്ടിനുള്ളിലേക്ക് കയറി. ഈ സമയം ട്രാക്ടറില്‍ ഇവിടെയെത്തിയ മൂന്നുപേര്‍ ഇവരെ ആക്രമിക്കുകയും ബലമായി പിടിച്ചുകൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നെന്നാണ് സ്ത്രീയുടെ പരാതി.
സംഭവത്തിനു പിന്നാലെ പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ ശേഷം യുവതി കുടുംബാംഗങ്ങളോട് നടന്ന സംഭവം പറഞ്ഞു. പിന്നാലെ ഓഗസ്റ്റ് അഞ്ചിന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി കിട്ടി 24 മണിക്കൂറിനുള്ളില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.