തിരുവനന്തപുരം നഗര ഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു; തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജാജി നഗര്‍ സ്വദേശി സ്വദേശി അലന്‍; കുത്തേറ്റത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടയടിക്കിടെ; കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചെന്ന് സൂചന

തിരുവനന്തപുരം നഗര ഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു

Update: 2025-11-17 14:09 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തെ നടുക്കി പട്ടാപ്പകല്‍ കൊലപാതകം. നഗരഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു. തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ തിരുവനന്തപുരം രാജാജിനഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. കുത്തേറ്റാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തൈക്കാട് ക്ഷേത്രത്തിന് പുറകുവശത്ത് വച്ചായിരുന്നു കൊലപാതകം. യുവാക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കളിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണമെന്നാണു സൂചന. കുത്തേറ്റ അലനെ രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കിലാണ് ആശുപത്രിയില്‍ എത്തിച്ചത്.

യുവാവിന്റെ മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കോളേജിലേക്ക് കൊണ്ടുപോയി. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടയടിക്കിടെയാണ് യുവാവിനെ കുത്തേറ്റതെന്ന് ദൃസാക്ഷികള്‍ പറയുന്നു. മുപ്പതിലധികം വിദ്യാര്‍ഥികള്‍ തമ്മിലായിരുന്നു അടിപിടി ഉണ്ടായത്. ഇതിനിടെയാണ് യുവാവിന് കുത്തേറ്റതെന്നും, സംഭവത്തിന് പിന്നാലെ അലനെ സുഹൃത്തുക്കള്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നെന്നുമാണ് സൂചന.

സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളും സംഘത്തിലുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ എത്തിയവരാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നഗരമധ്യത്തിലെ കൊലപാതകം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

Tags:    

Similar News