'ലൈംഗികാതിക്രമം നടന്നു; ദേഹമാസകലം മുറിപ്പാടുകള്‍; മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയത്; പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത് മരണകാരണമായി'; 19കാരിയുടെ മരണത്തില്‍ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തും

'മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയത്; ചോറ്റാനിക്കര സിഐ

Update: 2025-02-01 11:40 GMT

കൊച്ചി: കൊച്ചിയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെ മരിച്ച പോക്‌സോ അതിജീവിതയ്ക്ക് സംഭവിച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയതു മൂലമുണ്ടായ മസ്തിഷ്‌കമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകളുണ്ടെന്നും ചോറ്റാനിക്കര സിഐ എന്‍.കെ.മനോജ് പറഞ്ഞു. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തും. പെണ്‍കുട്ടിയുടെ സംസ്‌കാരം നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച രണ്ട് മണിയോടെ വീട്ടില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ ബന്ധുമിത്രാദികളും നാട്ടുകാരും ആദരാഞ്ജലി അര്‍പ്പിച്ചു. അനൂപ് ജേക്കബ് എംഎല്‍എയും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത് മരണകാരണമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. മസ്തിഷ്‌ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയതാണെന്നും സിഐ പറഞ്ഞു. പ്രതിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും. ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. സുഹൃത്തായ ഇയാള്‍ നേരത്തെയും പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഷാളില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാള്‍ ഷാള്‍ മുറിച്ച് പെണ്‍കുട്ടിയെ താഴെയിടുകയായിരുന്നു. ശ്വാസം കിട്ടാതെ ഒച്ചയിട്ട പെണ്‍കുട്ടിയുടെ വായും മൂക്കും ഇയാള്‍ പൊത്തിപ്പിടിച്ചതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ ശരീരത്തില്‍ ഇയാള്‍ വെള്ളമൊഴിച്ചതോടെ പെണ്‍കുട്ടിയ്ക്ക് ഫിക്സ് ഉണ്ടാവുകയായിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ ചുറ്റിക ഉപയോഗിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചെന്നു കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു.

ഇന്നലെ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നു രാവിലെയാണ് കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചതും മരണകാരണമായിട്ടുണ്ട്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സിഐ വ്യക്തമാക്കി. പ്രതി അനൂപ് ഇപ്പോള്‍ റിമാന്‍ഡിലാണ്. നിലവില്‍ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് അനൂപിനെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി 26നു വൈകിട്ടാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍, പെണ്‍കുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.

2021ല്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ അതിജീവിതയാണു പെണ്‍കുട്ടി. ഒരു വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയത്തിലായത്. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ അവിടെയെത്തിയിരുന്ന അനൂപ് നാട്ടുകാരായ പലരോടും വഴക്കുണ്ടാക്കിയിരുന്നു.പലര്‍ക്കുമെതിരെ വധഭീഷണി മുഴക്കിയിരുന്ന ഇയാള്‍ക്കെതിരെ ജനുവരി 3 നു സമീപവാസികളായ 20 പേര്‍ ഒപ്പിട്ട പരാതി പൊലീസിനു നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

Tags:    

Similar News