പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ 20 പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ്; ഇതുവരെ അറസ്റ്റ് ചെയ്തത് നാല് പേരെ; പിടിയിലായത് കവര്‍ച്ചയ്ക്ക് ഗൂഡാലോചന നടത്തിയവര്‍; സ്വര്‍ണം ഇതുവരെ കണ്ടെത്താനാകാതെ പോലീസ്
മലപ്പുറം: പെരിന്തല്‍മണ്ണയിലെ സ്വര്‍ണ്ണ കവര്‍ച്ചയില്‍ രണ്ടുപേര്‍ കൂടി പൊലീസ് പിടിയില്‍. ഗൂഢാലോചനയില്‍ പങ്കുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നാലു പേരെ കേസില്‍ അറസ്റ്റ് ചെയ്‌തെങ്കിലും കവര്‍ച്ച നടത്തിയ സ്വര്‍ണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
എന്നാല്‍ ഗൂഢാലോചനയിലെ പ്രധാനികള്‍ ഇപ്പോഴും പിടിയിലായിട്ടില്ല. പിടിയിലായവരില്‍ നിന്ന് കവര്‍ച്ച നടത്തിയ സ്വര്‍ണം എവിടെയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അതിനിടയിലാണ് രണ്ടുപേരെ കൂടി കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.
കവര്‍ച്ചയ്ക്ക് പിന്നില്‍ 20 പേര്‍ക്കെങ്കിലും പങ്കുണ്ടെന്നാണ് നിഗമനം. ജ്വല്ലറി ഉടമകളായ യൂസഫും ഷാനവാസും ദിവസവും കടയില്‍ നിന്ന് വീട്ടിലേക്ക് സ്വര്‍ണം മാറ്റാറുണ്ടെന്ന വിവരം, മോഷ്ട്ടാക്കള്‍ക്ക് കിട്ടിയതില്‍ പ്രാദേശികമായ ചിലരുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
വ്യാഴാഴ്ചയാണ് വ്യാപാരികളെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം പെരിന്തല്‍മണ്ണ ജൂബിലി ജംഗ്ഷനില്‍ വെച്ച് കവര്‍ന്നത്. പിന്നാലെ വെള്ളിയാഴ്ച്ച രാവിലെ തൃശ്ശൂരില്‍ നിന്ന് സംഘത്തിലെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിച്ചുവെന്ന് തെളിഞ്ഞത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ തൃശ്ശൂര്‍ സ്വദേശികളായ നിഖില്‍, പ്രബിന്‍ ലാല്‍ എന്നിവരെ പെരിന്തല്‍മണ്ണ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മുന്‍പും സമാന കവര്‍ച്ച കേസുകളില്‍ പ്രതികളാണ് ഇവര്‍.