ബ്യൂട്ടി പാർലർ ജോലിക്കായി വിദേശത്തേക്ക് കൊണ്ട് പോയി; ദുബായ് വിമാനത്താവളത്തിൽ മയക്കുമരുന്നുമായി 24കാരി പിടിയിൽ; മകൾ നിരപരാധി, ബാഗ് മറ്റൊരാൾക്ക് കൈമാറാൻ നൽകിയതെന്ന് മാതാവ്; ജോലി വാഗ്ദാനം നൽകിയ ഏജൻസിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ഹൈദരാബാദ്: ദുബായിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിലായ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായം ആവശ്യപ്പെട്ട് കുടുംബം. അറസ്റ്റ് വിവരം പുറത്ത് വന്നതോടെ അമീനയുടെ അമ്മ സുൽത്താന ബീഗം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് അയച്ചു. ദുബായിൽ ബ്യുട്ടിപാർലറിൽ ജോലി വാഗ്‌ദാനം നൽകിയാണ് യുവതിയെ കൊണ്ട് പോയത്. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.
ഒരു പ്രാദേശിക ട്രാവൽ ഏജന്‍റ് ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്തതിനെ തുടർന്ന് മെയ് 18നാണ് അമീന ദുബൈയിലേക്ക് തിരിച്ചത്. ബാഗിനുള്ളിലെ മയക്കുമരുന്നിനെ കുറിച്ച് അമീനയ്ക്ക് അറിവുണ്ടായിരുന്നില്ലെന്നും ദുബൈയിൽ ഒരാൾക്ക് ബാഗ് കൈമാറാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും അമ്മ കത്തിൽ പറയുന്നു. ജയിലിൽ നിന്ന് വിളിച്ച അമീന താൻ നിരപരാധിയാണെന്ന് പറഞ്ഞതായും അമ്മ കൂട്ടിച്ചേർത്തു. മകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അടിയന്തര സഹായം തേടി മാതാവ് അപേക്ഷ നൽകിയിട്ടുണ്ട്.
കുടുംബം അബുദാബിയിലെ ഇന്ത്യൻ എംബസിയേയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിനെയും സമീപിച്ചിട്ടുണ്ട്. നിയമസഹായവും വേഗത്തിലുള്ള നടപടികളും വഴിയുള്ള അമീനയുടെ മോചനമാണ് ഇവർ ആവശ്യപ്പെടുന്നത്.കത്തിൽ അമീനയുടെ അഞ്ച് വയസുകാരനായ മകൻ മുഹമ്മദ് സീഷാന്‍റെ ആരോഗ്യനിലയെക്കുറിച്ചും പറയുന്നുണ്ട്. അമ്മയിൽ നിന്ന് വേർപെട്ടതിന് ശേഷം കുട്ടിക്ക് അസുഖം വന്നതായും റിപ്പോർട്ടുകളുണ്ട്. അമീനയെ മയക്കുമരുന്ന് കടത്തുകാരിയായി ഉപയോഗിച്ചതാകാമെന്ന് കുടുംബം വിശ്വസിക്കുന്നു.