കഴുത്തില്‍ തോക്ക് വെച്ചു; സുരക്ഷാ ജീവനക്കാരന്റെ ആയുധം വാങ്ങി ആക്രമിച്ച് ജ്വല്ലറിയുടെ അകത്ത് കടന്നു; തോക്ക് ചൂണ്ടി എല്ലാവരോടും കൈ പൊക്കി നില്‍ക്കാന്‍ ആഞ്ജാപിച്ചു; തുടര്‍ന്ന് പണവും സ്വര്‍ണവും അടക്കം 25 കോടിയോളം വരുന്ന മോഷ്ണം; രണ്ട് പേര്‍ പിടിയില്‍; മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
പാറ്റ്ന: തനിഷ്ഖ് ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാവിലെയാണ് സംഭവം. 25 കോടിയുടെ ആഭരണങ്ങളാണ് കൊള്ളയടിച്ചത്. ജ്വല്ലറി തുറന്ന് കുറച്ച് സമയത്തിന് ശേഷം ആറ് പേര്‍ സ്ഥാപനത്തിലേക്ക് വന്നു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് അകത്ത് കടന്ന സംഘം തോക്ക് ചൂണ്ടി സ്വര്‍ണം മോഷ്ടിച്ചുകൊണ്ട് പോകുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
ജ്വല്ലറിയുടെ അകത്ത് കയറിയ ആക്രമികള്‍ കസ്റ്റമേഴ്‌സിനോടും ജീവനക്കാരേട് കൈ പൊക്കി നില്‍ക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് മോഷ്ടിച്ച വസ്തുക്കള്‍ ബാഗിലാക്കി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. പണവും മാലകള്‍, വളകള്‍, നെക്ലേസുകള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വജ്രവും ഉള്‍പ്പെടെ 25 കോടിയോളം രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചെന്ന് ജ്വല്ലറി ഷോറൂം മാനേജരായ കുമാര്‍ മൃത്യുഞ്ജയ് പറഞ്ഞു.
'ആറ് പ്രതികളും രാവിലെ ജ്വല്ലറിയിലെത്തി. സ്ഥാപനത്തിന്റെ പോളിസിയനുസരിച്ച് നാല് പേരില്‍ കൂടുതലുള്ള സംഘത്തിന് ജ്വല്ലറിക്കകത്ത് പ്രവേശനമില്ല. അതിനാല്‍ കുറച്ചുപേര്‍ വീതമാണ് അകത്ത് പോകാന്‍ അനുവദിച്ചത്. ആറാമത്തെ ആള്‍ വന്നപ്പോള്‍ അയാളെന്റെ കഴുത്തില്‍ തോക്ക് വെച്ചു. എന്റെ കൈവശമുള്ള ആയുധം പിടിച്ചുവാങ്ങി എന്നെ ആക്രമിച്ചു. ശേഷം അയാള്‍ ബാഗിലേക്ക് സ്വര്‍ണം നിറയ്ക്കുകയായിരുന്നു', ജീവനക്കാരനായ രോഹിത് കുമാര്‍ ശര്‍മ ഐഎഎന്‍എസിനോട് പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന്, ഭോജ്പൂര്‍ പോലീസ് സൂപ്രണ്ട് എല്ലാ സ്റ്റേഷന്‍ മേധാവികള്‍ക്കും വാഹന പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ആര-ബാബുര റോഡില്‍ മൂന്നു ബൈക്കുകളിലായി യാത്രചെയ്യുകയായിരുന്ന പ്രതികളായ ആറുപേരെയും പോലീസ് കണ്ടെത്തി. ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ കണ്ട് പ്രതികള്‍ ബൈക്കിന്റെ വേഗത കൂട്ടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ ഒരു ബൈക്ക് പോലീസ് വെടിവെച്ചുവീഴ്ത്തി.
ബൈക്കിലുണ്ടായിരുന്ന വിശാല്‍ ഗുപ്ത, കുനാല്‍ കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്. രണ്ടു തോക്കുകളും വെടിയുണ്ടകളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മറ്റു പ്രതികളെ പിടികൂടൂന്നതിനായി പ്രത്യേക സംഘം രൂപവത്കരിച്ചതായും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.