പോപ്പുലർ ഫ്രണ്ടുകാരൻ അറസ്റ്റിലായപ്പോൾ പിടിച്ചെടുത്ത രേഖകളിൽ റിട്ടയേർഡ് ബാങ്ക് മാനേജരുടെ ക്രെഡിറ് കാർഡ്; തെളിവിനായി അയച്ച വിവരങ്ങളിൽ സംശയം; എൻഐഎ ഉദ്യോഗസ്ഥനെന്ന വ്യാജേന വീഡിയോ കോളിൽ എത്തിയത് മലയാളി; ഡിജിറ്റൽ അറസ്റ്റ് പൊളിഞ്ഞത് സൈബർ പോലീസിന്റെ ഇടപെടലിൽ
കണ്ണൂർ: ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് റിട്ടയേർഡ് ബാങ്ക് മാനേജറെ ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടാൻ ശ്രമിച്ച സൈബർ തട്ടിപ്പ് പരാജയപ്പെടുത്തി കണ്ണൂർ സൈബർ പോലീസ്. തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെയാണ് തട്ടിപ്പുകാർ ലക്ഷ്യമിട്ടത്. സമയബന്ധിതമായ പോലീസിന്റെ ഇടപെടൽ മൂലം വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനായി.
തട്ടിപ്പിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. മുംബൈയിലെ കാനറ ബാങ്കിൽ പ്രമോദ് മഠത്തിലിന്റെ പേരിൽ ഒരു അക്കൗണ്ടും സിം കാർഡും എടുത്തിട്ടുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പുകാർ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്. നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തപ്പോൾ പിടിച്ചെടുത്ത രേഖകളിൽ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാർഡും ഉൾപ്പെട്ടുവെന്ന് ഇവർ വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
ഇതിന്റെ തെളിവായി വ്യാജ എഫ്ഐആർ കോപ്പി, ആധാർ വിവരങ്ങൾ, സിം കാർഡ് വിവരങ്ങൾ എന്നിവയും പ്രമോദിന് അയച്ചു നൽകി. വസ്തുതകൾ സംശയാസ്പദമാണെന്ന് മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഉടൻ തന്നെ കണ്ണൂർ സിറ്റി സൈബർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ 11:30-ഓടെ തട്ടിപ്പുകാർ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടിരുന്ന സമയത്ത് സൈബർ പോലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി.
പോലീസിന്റെ നിർദേശപ്രകാരം സംശയമില്ലാത്ത രീതിയിൽ പ്രമോദ് തട്ടിപ്പുകാരുടെ വീഡിയോ കോൾ അറ്റൻഡ് ചെയ്തു. സംഭാഷണത്തിനിടെ ഒരു യൂണിഫോം ധരിച്ച മലയാളി വ്യാജ എൻഐഎ ഉദ്യോഗസ്ഥൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയും, സ്ഥാപനങ്ങളുടെ പേരിൽ സിം കാർഡ് എടുക്കുമ്പോൾ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാർ മാത്രം മതിയെന്നും പറഞ്ഞ് വ്യാജ സിം കാർഡ് കഥ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭാഷണം പുരോഗമിക്കവേ, തട്ടിപ്പുകാർക്ക് യാതൊരു സംശയവും നൽകാതെ, കൃത്യസമയത്ത് സൈബർ പോലീസ് ഉദ്യോഗസ്ഥർ കോൾ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പൂർണ്ണമായും പരാജയപ്പെടുത്തുകയും ചെയ്തു. തുടർന്ന് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ എസ്.വി. മിഥുന്റെ നേതൃത്വത്തിൽ എസ്ഐമാരായ വി. പ്രകാശൻ, എം. ഷമിത്ത്, സിപിഒമാരായ പി. ദിജിൻ, കെ. സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് തട്ടിപ്പ് തടഞ്ഞത്.
