സ്വര്‍ണക്കടത്തുകാരുടെ ഇടനിലക്കാരന്‍; മതിയായ രേഖകള്‍ ഇല്ല; 38,85,000 രൂപയുമായി ആലപ്പുഴ സ്വദേശി പിടിയില്‍; യുവാവില്‍ നിന്ന് കിട്ടിയത് എറണാകുളത്തുനിന്ന് സ്വര്‍ണം കോയമ്പത്തൂരിലെത്തിച്ച് വില്‍പന നടത്തി പണം

Update: 2025-03-02 04:39 GMT

പാലക്കാട്: രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 38,85,000 രൂപയുമായി ആലപ്പുഴ സ്വദേശി പിടിയില്‍. ആലപ്പുഴ വടുതല ജെട്ടി ഇരമംഗലത്ത് നിറത്തില്‍ വീട്ടില്‍ തൗഫീഖ് (34) ആണ് പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആര്‍.പി.എഫും ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.

സ്വര്‍ണക്കടത്തുകാരുടെ ഇടനിലക്കാരനായ യുവാവ് എറണാകുളത്തുനിന്ന് സ്വര്‍ണം കോയമ്പത്തൂരിലെത്തിച്ച് വില്‍പന നടത്തി പണവുമായി മടങ്ങുകയായിരുന്നു. പണവും പ്രതിയെയും തുടരന്വേഷണത്തിനായി പാലക്കാട് ഇന്‍കം ടാക്‌സ് അഡീഷനല്‍ ഡയറക്ടര്‍ക്ക് കൈമാറി.

പാലക്കാട് ആര്‍.പി.എഫ്. കമാന്‍ഡന്റ് നവീന്‍ പ്രസാദിന്റെ നിര്‍ദേശപ്രകാരം സി.ഐ സൂരജ് എസ്. കുമാറിന്റെ നേതൃത്വത്തില്‍ അസി. സബ് ഇന്‍സ്പെക്ടര്‍ സജി അഗസ്റ്റിന്‍, ഹെഡ്‌കോണ്‍സ്റ്റബിള്‍ വി. സവിന്‍, പാലക്കാട് നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി പി. അബ്ദുല്‍ മുനീറിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ആര്‍. വിനോദ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സൂരജ് ബാബു, കെ. ജയന്‍, കെ. ദിലീപ് എന്നിവരാണ് പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:    

Similar News