60കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്; മൂന്നാം ഭാര്യയും കാമുകനും അറസ്റ്റില്‍; ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്ന ശേഷം ഭാര്യയുടെ സഹായത്തോടെ കിണറ്റിലിട്ടെന്ന് മൊഴി; കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത് രണ്ടാം ഭാര്യ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതോടെ

Update: 2025-09-07 07:19 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ അനുപ്പൂര്‍ ജില്ലയില്‍ 60കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഓഗസ്റ്റ് 30നാണ് ഭയ്യാലാല്‍ രജക് (60) കൊല്ലപ്പെട്ടത്.

കിണറ്റില്‍ മൃതദേഹം കണ്ടെടുത്തതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഭയ്യാലാലിന്റെ മൂന്നാം ഭാര്യ വിമല രജക് (38)യും കാമുകന്‍ നാരായണ്‍ ദാസ് കുഷ്വാഹ അഥവാ ലല്ലു (48)യും കൊലപാതകത്തില്‍ പങ്കാളികളാണെന്ന് പൊലീസ് കണ്ടെത്തി. ഇരുവരോടൊപ്പം തൊഴിലാളിയായ ധീരജ് കോള്‍ (25) അറസ്റ്റിലായി.

ദീര്‍ഘകാല പ്രണയത്തിലായിരുന്ന വിമലയും ലല്ലുവും ഭയ്യാലാലിനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തിയതായാണ് പൊലീസ് കണ്ടെത്തിയത്. ഓഗസ്റ്റ് 30ന് പുലര്‍ച്ചെ രണ്ട് മണിയോടെ ലല്ലുവും ധീരജും വീട്ടില്‍ കയറി കട്ടിലില്‍ ഉറങ്ങുകയായിരുന്ന ഭയ്യാലാലിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കൊന്നതായും തുടര്‍ന്ന് വിമലയുടെ സഹായത്തോടെ മൃതദേഹം കിണറ്റിലിട്ടതായും പൊലീസ് അറിയിച്ചു. രണ്ടാം ഭാര്യയാണ് ഇയാളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.

ഭയ്യാലാലിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചുപോയ ശേഷമാണ് രണ്ടാം ഭാര്യ ഗുഡ്ഡിയെ വിവാഹം കഴിച്ചത്. കുട്ടികളില്ലാത്ത സാഹചര്യത്തിലാണ് ഗുഡ്ഡിയുടെ ഇളയ സഹോദരി വിമലയെയും ഭയ്യാലാല്‍ പിന്നീട് വിവാഹം കഴിച്ചത്. വര്‍ഷങ്ങളായി കുടുംബവുമായി ബന്ധമുണ്ടായിരുന്ന വസ്തു ബ്രോക്കറായിരുന്നു ലല്ലു. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News