പലിശ വാങ്ങിയത് തിരികെ അടക്കാന്‍ കാശില്ല; പിന്നാലെ ഉപദ്രവവും ഏഴ് വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി; മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ് പലിശക്കാര്‍: സംഭവം പുറത്തറിയുന്നത് പിതാവ് കോടതിയില്‍ കേസുമായി എത്തിയപ്പോള്‍: കുട്ടിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്
പലന്‍പൂര്‍: 60000 രൂപ കടം വാങ്ങിയതിന് പലിശ നല്‍കാന്‍ കഴിഞ്ഞില്ല, പലിശക്കാരന്‍ കടം വാങ്ങിയ ആളില്‍ നിന്ന് ആവശ്യപ്പെട്ടത് 4 ലക്ഷം രൂപ. ഏഴ് വയസ്സുള്ള മകളെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം വായ്പ്പക്കാര്‍ക്ക് നല്‍കി പിതാവ്. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. രാജസ്ഥാന്‍ സ്വദേശിക്കാണ് വായ്പ നല്‍കിയവര്‍ 7 വയസുകാരിയെ വിറ്റത്. ഡിസംബര്‍ 19നാണ് സംഭവം പുറത്ത് വന്നത്.
സംഭവത്തില്‍ പൊലീസ് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമന്ത്‌നഗര്‍ സിറ്റി എ ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ് ഏഴ് വയസുകാരിയുടെ പിതാവിന് അര്‍ജുന്‍ നാഥ് 60000 രൂപ വായ്പ ആയി നല്‍കിയിരുന്നു. വലിയ പലിശയ്ക്കാണ് ഇയാള്‍ കടം നല്‍കിയത്. ദിവസ വേതനക്കാരനായ ഇയാള്‍ക്ക് പക്ഷേ പലിശ കൃത്യ സമയത്ത് കൊടുക്കാന്‍ സാധിച്ചില്ല. ഇതോടെ പലിശക്കാരന്‍ നാല് ലക്ഷം രൂപ മൊത്തമായി ആവശ്യപ്പെട്ടു. പണം ലഭിക്കില്ലെന്ന് കണ്ടപ്പോള്‍ ഇയാളെ ഉപദ്രവിക്കുകയും ഒരു വെള്ളപേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. തുടര്‍ന്ന് ഇയാളുടെ മകളെ അര്‍ജുനും സംഘവും തട്ടികൊണ്ടുപോയി മൂന്ന് ലക്ഷം രൂപയ്ക്ക് കുട്ടിയെ രാജസ്ഥാനിലെ അജ്മീറിലുള്ള ഒരാള്‍ക്ക് വില്‍ക്കുകയായിരുന്നു.
രണ്ട് ദിവസം കുട്ടിയുടെ പിതാവ് പരാതിയുമായി കോടതിയിലെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തില്‍ കേസ് എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുട്ടി അജ്മീറിന് സമീപത്തെ ഒരു ഗ്രാമത്തിലാണെന്ന് മനസിലാക്കാന്‍ സാധിച്ചതായും സംഭവത്തില്‍ കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വിശദമാക്കി.