സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വന്ന ഇന്നോവ കാര്‍ ഒന്നാം ക്ലാസുകാരിയെ ഇടിച്ച് തെറിപ്പിച്ചു; രക്ഷിതാക്കളോട് പറഞ്ഞത് സ്‌കൂളില്‍ വീണെന്ന്; അപകടത്തിന് ശേഷം ആറ് വയസുകാരി കടുത്ത മാനസിക സംഘര്‍ഷത്തില്‍; സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പരാതിയില്‍ അന്വേഷണം
ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു; സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്ന് പരാതി
മലപ്പുറം: മലപ്പുറം തിരൂരില്‍ സ്‌കൂള്‍ കോമ്പൗണ്ടിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ച സംഭവം സ്‌കൂള്‍ അധികൃതര്‍ മറച്ചുവച്ചെന്ന പരാതിയില്‍ അന്വേഷണം. ഇക്കഴിഞ്ഞ ജൂലൈ 31 ന് തിരൂര്‍ എം ഇ എസ് സെന്‍ട്രല്‍ സ്‌കൂളിലാണ് അപകടം സംഭവിച്ചത്. അപകടവിവരം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. കുട്ടി സ്‌കൂളില്‍ വീണു എന്നു മാത്രമാണ് അറിയിച്ചതെന്നും രക്ഷിതാക്കള്‍ പരാതില്‍ പറയുന്നു.
കാര്യമായ പരിക്കില്ലെങ്കിലും അപകടത്തിനു ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി. കുട്ടിയെ കാര്‍ ഇടിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലൈ 31 ന് നടന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സ്‌കൂള്‍ കോമ്പൗണ്ടിനകത്തേക്ക് വന്ന ഇന്നോവ കാറാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. ഇത് ചില കുട്ടികളുടെ രക്ഷിതാക്കളും അദ്ധ്യാപകരും സെക്യൂരിറ്റിയുമൊക്കെ കണ്ടിരുന്നു. അവര്‍ ഓടിയെത്തി കുട്ടിയെ എഴുന്നേല്‍പ്പിക്കുന്നതാണ് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുള്ളത്.
കുട്ടിയ്ക്ക് കാര്യമായ പരിക്കില്ലെന്ന് മനസിലായതോടെ ആരും അത് അത്ര ഗൗരവമായി എടുത്തില്ല. കുട്ടി സ്‌കൂളില്‍ വീണെന്ന് മാത്രമാണ് മാതാപിതാക്കളെ അറിയിച്ചത്. അപകടത്തിന് ശേഷം കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് വിവരം. അപകടമുണ്ടായ ശേഷം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും സാധാരണ ദിവസത്തേതുപോലെ ഓട്ടോറിക്ഷയിലാണ് വീട്ടിലേക്ക് വിട്ടതെന്നും രക്ഷിതാക്കള്‍ പറയുന്നു.
എന്നാല്‍ കുട്ടിയുടെ ദേഹത്തെ പാടുകള്‍ കണ്ട് സംശയം തോന്നി രക്ഷിതാക്കള്‍ കുട്ടിയോട് കാര്യം ചോദിക്കുകയായിരുന്നു. ഇതോടെയാണ് അവര്‍ വിവരമറിഞ്ഞത്.അതേസമയം, കുട്ടിയെ വണ്ടി തട്ടിയിട്ടില്ലെന്ന നിഗമനത്തിലായിരുന്നു എല്ലാവരുമെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മധുസൂദനന്‍ ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. വണ്ടി വരുന്നത് കണ്ട് പേടിച്ച് കുട്ടി വീണതാണെന്നാണ് തന്നോട് എല്ലാവരും പറഞ്ഞതെന്നും വണ്ടിയിടിച്ചതായി കുട്ടിയും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ തിരൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.