സൗഹൃദം നടിച്ച് ഭക്ഷണം കഴിക്കാനായി കുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തി; ഭക്ഷണത്തില്‍ കുട്ടി അറിയാതെ സിന്തറ്റിക് ഡ്രഗ്‌സ് കലര്‍ത്തി; ഒരിയ്ക്കല്‍ എംഡിഎംഎ കഴിച്ചാല്‍ വീണ്ടും വീണ്ടും ആ വ്യക്തി അതാവശ്യപ്പെടും; ഇത് മുതലാക്കിയ അബ്ദുള്‍ ഗഫൂര്‍; കോട്ടയ്ക്കലിലെ 'ഇന്‍സ്റ്റാ പ്രണയം' ലഹരി കെണിയായപ്പോള്‍
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിലെ പെണ്‍കുട്ടി നേരിട്ടത് അതിക്രൂര പീഡനമെന്ന് എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂര്‍. ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി അടിമയാക്കിയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വെങ്ങര സ്വദേശിയായ യുവാവ് വര്‍ഷങ്ങളോളം പീഡിപ്പിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. 23കാരനായ അബ്ദുള്‍ ഗഫൂറിനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. അബ്ദുള്‍ ഗഫൂര്‍ എംഡിഎംഎ കേസിലും പ്രതിയാണ്. തന്ത്രപരമായാണ് പെണ്‍കുട്ടിയെ വിശ്വാസത്തിലേക്ക് കൊണ്ടു വന്നു.
''ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയം. സൗഹൃദം നടിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം ഫുഡ് കഴിക്കാനായി കുട്ടിയെ വിളിച്ചു. ആ ഫുഡില്‍ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്‌സ് കലര്‍ത്തി കൊടുത്തു. അങ്ങനെ കുട്ടിയോട് അടുപ്പം സ്ഥാപിച്ച ശേഷം ഇത്തരം ഫുഡ് ഇടയ്ക്ക് ഇടയ്ക്ക് നല്‍കി ലൈംഗിക കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് മറ്റ് ചികിത്സകള്‍ക്ക് ശേഷമാണ് കുട്ടി താന്‍ അകപ്പെട്ടിരിക്കുന്നത് കെണിയിലാണെന്ന് മനസിലാക്കുന്നതും പൊലീസിന്റെ സഹായം തേടുന്നതും.'' എസ്എച്ച്ഒ വിനോദ് വിശദീകരിക്കുന്നു.
2020 ല്‍ പെണ്‍കുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി അബ്ദുള്‍ ഗഫൂറുമായി പരിചയത്തിലാകുന്നത്. ഇയാള്‍ ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് പങ്കുവെച്ചത്. മറ്റ് ആഡംബര വീടുകള്‍ക്ക് മുന്നില്‍ നിന്ന് സ്വന്തം വീടാണെന്ന് പ്രചരിപ്പിച്ചിരുന്നു. വീടിന്റെ മുമ്പില്‍ നിന്നും ഫോട്ടോ എടുത്തു. ആഡംബര കാറുകളും തന്റേതാണെന്ന് തെറ്റിധരിപ്പിക്കുന്ന ചിത്രങ്ങള്‍ ഇയാള്‍ കൈമാറി. ഇങ്ങനെ താന്‍ സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെണ്‍കുട്ടിയുമായി അടുത്തത്. കൂടാതെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കുട്ടിയുടെ ആഭരണങ്ങള്‍ വാങ്ങി വില്‍ക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്. കൗണ്‍സിലിംഗ് കൊടുക്കുകയും ചെയ്തു. ലഹരിയില്‍ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താന്‍ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഇതോടെ പരാതിയും നല്‍കി. അബ്ദുള്‍ ഗഫൂര്‍ പരപ്പനങ്ങാടിയില്‍ എംഡിഎംഎ കൈവശം വെച്ച കേസിലും പ്രതിയാണ്. പോക്‌സോ, കവര്‍ച്ച ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ കുറ്റകൃത്യത്തിന്റെ രീതി. സൗഹൃദം നടിച്ച് ഭക്ഷണം കഴിക്കാനായി കുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തി. പിന്നീട് ഭക്ഷണത്തില്‍ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്‌സ് കലര്‍ത്തുകയാണ് ചെയ്യുന്നത്. ഒരിയ്ക്കല്‍ എംഡിഎംഎ കഴിച്ചാല്‍ വീണ്ടും വീണ്ടും ആ വ്യക്തി അതാവശ്യപ്പെടും. ഇതാണ് അബ്ദുള്‍ ഗഫൂര്‍ മുതലാക്കിയത്. വീട്ടുകാരുടെ ജാഗ്രതയോടെയുള്ള ഇടപെടലാണ് അബ്ദുള്‍ ഗഫൂറിന്റെ വലയില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
അബ്ദുള്‍ ഗഫൂര്‍ തന്നെ വലയിലാക്കുകയായിരുന്നു എന്ന് തിരിച്ചറിയാന്‍ പെണ്‍കുട്ടി ഏറെ സമയമെടുത്തു. ലഹരിയില്‍ നിന്നും പെണ്‍കുട്ടിയെ മോചിപ്പിക്കാനും സമയമെടുത്തു. കെണിയാണെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം പൊലീസിന്റെ സഹായം തേടി.
