പതിവു നടത്തത്തിന് ഇറങ്ങിയ വയോധികനെ ഇടിച്ചു വീഴ്ത്തിയത് മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ യുവാക്കള്‍; പിന്നില്‍ നിന്നുള്ള ഇടിയില്‍ ഗുരുതര പരുക്കേറ്റയാള്‍ ചികില്‍സയില്‍ കഴിയവേ മരിച്ചു; ബൈക്ക് ഓടിച്ച യുവാവ് അറസ്റ്റില്‍

പതിവു നടത്തത്തിന് ഇറങ്ങിയ വയോധികനെ ഇടിച്ചു വീഴ്ത്തിയത് മദ്യലഹരിയില്‍ ബൈക്കില്‍ എത്തിയ യുവാക്കള്‍

Update: 2025-08-05 05:30 GMT

പത്തനംതിട്ട: നടന്നുപോയ വയോധികന്‍ ബെക്കിടിച്ച് മരിച്ച കേസില്‍ പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. തെക്കേമല ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ ആറന്മുള ചവിട്ടുകുളം അമ്പലത്തിന് സമീപം കുന്നത്തുകര വാലുപറമ്പില്‍ മണ്ണില്‍ എബിവില്ലയില്‍ ടി.പി.ബേബി (79)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെ തെക്കേമലയില്‍ നിന്നും പന്തളം-ആറന്മുള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ അതേ ദിശയില്‍ ഓടിച്ചു വന്ന മോട്ടോര്‍ സൈക്കിള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് ഓടിച്ചിരുന്ന ആറന്മുള സുദര്‍ശന സ്‌കൂളിന് സമീപം കിഴക്കില്ലത്തു വീട്ടില്‍ അശ്വിന്‍ വിജയന്‍( 29) ആണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയില്‍ അപകടകരമായ വിധത്തിലാണ് ബൈക്ക് ഓടിച്ചതെന്ന് പോലീസ് പറഞ്ഞു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ബൈക്ക് നിയന്ത്രണംവിട്ട് ബേബിയുടെ പിന്നില്‍ കൊണ്ടിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ഇദ്ദേഹത്തിന് തലക്കും ദേഹത്തും പരുക്കുകള്‍ പറ്റി. ആദ്യ ജില്ലാ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചികിത്സയിലിരുന്ന ബേബി പിന്നീട് മരണപ്പെട്ടു. ഉടനടി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ബേബിയുടെ സംസ്‌ക്കാരം നാളെ 11 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തെക്കേമല വഞ്ചിത്ര മാര്‍ ബസ്ഹാനനിയ ഓര്‍ത്തഡോക്സ് പള്ളിയില്‍.

ഭാരൃ നാരങ്ങാനം വെട്ടിമൂട്ടില്‍ കുടുംബാഗം എലിസബത്ത്. മക്കള്‍: തോമസ് ബേബി (എബി ഓസ്ട്രേലിയ), ജോണ്‍ ബേബി (സിബി അബുദബി). മരുമക്കള്‍: തിരുവല്ല മുത്തൂര്‍ മുക്കുങ്കല്‍ ടിസി (ഓസ്ട്രേലിയ), പെണ്ണുക്കര കൊടകാഞ്ഞിരത്തില്‍ വര്‍ഷ (അബൂദബി).

Tags:    

Similar News