'ചതിച്ച് ആശാനേ..'; ഇൻസ്റ്റയിൽ ആട്ടവും പാട്ടുമായി ഒരാളുടെ വരവ്; ഒന്ന് 'സൂം' ചെയ്തുനോക്കിയ കേരള പോലീസിന് അടിച്ചത് ലോട്ടറി; ജീപ്പ് കാതങ്ങൾ താണ്ടി ബംഗാളിലേക്ക് പോയപ്പോൾ സംഭവിച്ചത്; എല്ലാത്തിനും തുമ്പായത് ആ റീൽ
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് 2.3 ലക്ഷം രൂപ മോഷ്ടിച്ച ജീവനക്കാരനെ കഠിനംകുളം പോലീസ് പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഹോട്ടലിലെ ബാർ ജീവനക്കാരനായ സൽമാൻ മുണ്ട (25) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ 17-നാണ് സംഭവം നടന്നത്. ബാർ മാനേജരുടെ ക്യാബിനിൽ സൂക്ഷിച്ചിരുന്ന പണമാണ് ഇയാൾ മോഷ്ടിച്ചത്.
പുലർച്ചെ സെക്യൂരിറ്റി ക്യാബിനിൽ സൂക്ഷിച്ചിരുന്ന ബാറിന്റെ താക്കോൽ രഹസ്യമായി കൈക്കലാക്കിയ ശേഷം, പ്രതി ബാറിനുള്ളിൽ കയറി പണം മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച ശേഷം ഇയാൾ ഉടൻതന്നെ സംസ്ഥാനം വിടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടാൻ നിർണായകമായത് പ്രതിയുടെ ഇൻസ്റ്റാഗ്രാം റീലുകളായിരുന്നു. പോലീസ് പിന്തുടരുമെന്ന് തോന്നിയപ്പോൾ പ്രതി ഫോൺ ഓഫാക്കിയെങ്കിലും, വിവിധ നമ്പരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ ഇയാൾ പശ്ചിമ ബംഗാളിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഒരാഴ്ചയോളം ബംഗാളിൽ താമസിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. പശ്ചിമ ബംഗാൾ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റീൽ ചതിച്ചതോടെയാണ് പ്രതി പോലീസിന്റെ വലയിലായത്. മോഷ്ടിച്ച പണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. ഇത്രയും വലിയ തുക മോഷ്ടിക്കാൻ പ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.