വണ്ടി നിറയെ പഴയ സാധനങ്ങളുമായി സ്ത്രീ ആക്രിക്കടയിൽ; വിറ്റത് ലക്ഷങ്ങളുടെ ഉരുപ്പടികൾ; സിസിടിവി ക്യാമറ മുതൽ, ബാത്ത്റൂം ഫിറ്റിങ്സ് വരെ ലിസ്റ്റിൽ; അമ്പരന്ന് ജീവനക്കാർ; ഒടുവിൽ എല്ലാ കള്ളിയും പൊളിച്ച് പോലീസ്!
കണ്ണൂർ: കുഞ്ഞിമംഗലത്താണ് ആക്രിക്കടയെ തന്നെ ഞെട്ടിച്ച സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്ന സ്ത്രീയെ കൈയ്യോടെ പൊക്കി പോലീസ്. തമിഴ്നാട് സ്വദേശി പാച്ചിയമ്മയാണ് അറസ്റ്റിലായത്. സിസിടിവി ക്യാമറ, ഇലക്ട്രിക്ക് കേബിൾ, ബാത്ത്റൂം ഫിറ്റിംങ്സ് തുടങ്ങിയ സാധനങ്ങളാണ് ഇവർ മോഷ്ടിച്ചത്.
ഒരു ദിവസം വൈകുന്നേരമാണ് പ്രദേശത്തെ ഞെട്ടിച്ച സംഭവം നടന്നത്. പഴയങ്ങാടി റെയിൽവെ സ്റ്റേഷന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പാച്ചിയമ്മ കുതിരുമ്മലിലെ വിനീതിന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് എത്തി. 15 ലക്ഷം രൂപ വില വരുന്ന നിർമാണ സാമഗ്രികൾ അവിടെ നിന്നും കടത്തുകയായിരുന്നു.
ശേഷം, മോഷ്ടിച്ച സാധനങ്ങൾ ആക്രിക്കടയിൽ കൊടുത്ത് പണം വാങ്ങിയ ശേഷം ഒന്നുമറിയാത്ത പോലെ മടങ്ങുകയും ചെയ്തു. പരാതി ലഭിച്ചത് പ്രകാരം അന്വേഷണം നടത്തിയ പയ്യന്നൂർ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാച്ചിയമ്മ പോലീസിന്റെ പിടിയിലാകുന്നത്.
കൂടുതൽ പേർ മോഷണത്തിന് പിന്നിലുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇത്രയും സാധനങ്ങൾ കടത്തി കൊണ്ടുപോകാൻ ഒറ്റക്ക് സാധിക്കില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.