പൊലീസിന്റെ തോക്ക് തട്ടിപ്പറിച്ച് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമം; നഴ്‌സറി കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിന്റെ വെടിയേറ്റുമരിച്ചു; സംഭവം മുംബൈ ബൈപാസിന് അടുത്ത് വച്ച്
പീഡന കേസ് പ്രതി പൊലീസിന്റെ വെടിയേറ്റുമരിച്ചു
മുംബൈ: ബദ്‌ലാപൂരില്‍, രണ്ടു നഴ്‌സറി സ്‌കൂള്‍ പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി പൊലീസുകാരന്റെ തോക്കുതട്ടിപ്പറിച്ചതിനെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പ്രതി ആകാശ് ഷിന്‍ഡെ(23) കോണ്‍സ്റ്റബിളിന്റെ തോക്കുതട്ടിപ്പറിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. നിരവധി റൗണ്ടുകളുടെ വെടിവയ്പ്പില്‍ പൊലീസുകാരന് പരുക്കേറ്റു. ഇതോടെ, മറ്റൊരു ഓഫീസര്‍ ഷിന്‍ഡയെ വെടിവച്ചു. ഗുരുതരപരുക്കേറ്റ ഷിന്‍ഡെ ആശുപത്രിയില്‍ വച്ചാണ് മരണമടഞ്ഞത്. വൈകിട്ട് 6.30 ഓടെ പൊലീസ് സംഘം മുംബൈ ബൈപാസിന് അടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം.
സ്‌കൂള്‍ ശുചിമുറികള്‍ വൃത്തിയാക്കാന്‍ ഓഗസ്റ്റ് 1 നാണ് അക്ഷയ് ഷിന്‍ഡെയെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത്. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ നാലുവയസുളള രണ്ടുപെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്തു. കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറഞ്ഞതോടെ, ഓഗസ്റ്റ് 17 ന് ഇയാള്‍ അറസ്റ്റിലായി.
സ്വമേധയാ കേസെടുത്ത ബോംബെ ഹൈക്കോടതി പൊലീസ് അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. കുട്ടികളെ ചോദ്യം ചെയ്തതിലും മറ്റും ചട്ടലംഘനമുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത് തന്നെ പൂര്‍ണമായും നിയമവിരുദ്ധമാണ്, കോടതി വിമര്‍ശിച്ചു.
സ്‌കൂളിനെയും കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടികളുടെ ശുചിമുറി വൃത്തിയാക്കാന്‍ പുരുഷന്മാരെ നിയോഗിച്ചതിനെയും കോടതി ചോദ്യം ചെയ്തു. സര്‍ക്കാര്‍ പിന്നീട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ അരതി സിങ്ങിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കേസില്‍ എസ്‌ഐടിയുടെ പക്കല്‍ മതിയായ തെളിവുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഷിന്‍ഡെയുടെ കുടുംബാംഗങ്ങള്‍ വിശേഷിച്ചും അച്ഛനും സഹോദരനും ഷിന്‍ഡെയുടെ ക്രൂര സ്വഭാവത്തെ കുറിച്ച് മൊഴി നല്‍കിയതോടെ തെളിവുകള്‍ ശക്തമായി.