ഭാര്യയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി ഒരു ദിവസം മൂന്ന് സ്വര്‍ണമാല കവര്‍ന്നു; വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി

കണ്ണൂരില്‍ മാല മോഷണ കവര്‍ച്ചാ പരമ്പര നടത്തിയ യുവാവ് കുടുങ്ങി

Update: 2025-08-09 18:05 GMT

കണ്ണൂര്‍ : കണ്ണൂരില്‍ മാല  കവര്‍ച്ചാ പരമ്പര നടത്തിയ കാസര്‍കോട് സ്വദേശിയായ യുവാവ് കുടുങ്ങിയത് പഴുതടച്ച അന്വേഷണത്തിനൊടുവില്‍. ജില്ലയിലെ കൂത്തുപറമ്പ്, തലശേരി ഭാഗങ്ങളില്‍ സ്‌കൂട്ടറിലെത്തി വഴി യാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയായ കാസര്‍കോട് ജില്ലക്കാരനായ യുവാവിനെ 150 ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചതിനു ശേഷമാണ് ന്യൂമാഹി പൊലിസ് തിരിച്ചറിഞ്ഞത്.

കാസര്‍കോട് ജില്ലയിലെ ബേക്കലിനടുത്തെ കളനാട് കീഴൂര്‍ ചെറിയപള്ളിക്ക് സമീപം ഷംനാസ് മന്‍സിലില്‍ മുഹമ്മദ് ഷംനാസിനെ (32) യാണ് ബേക്കല്‍ പൊലിസിന്റെ സഹായത്തോടെ ന്യൂമാഹി ഇന്‍സ്പെക്ടര്‍ ബിനു മോഹനന്റെ നേതൃത്വത്തിന്‍ പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് രാവിലെ അഞ്ചു മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നിടങ്ങളിലാണ് ഇയാള്‍ കൂത്തുപറമ്പ്, തലശേരി മേഖലയിലെ റോഡരികിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി പിടിച്ചുപറിച്ച് കവര്‍ച്ച നടത്തിയത്.

മയക്കുമരുന്നു ഉള്‍പ്പെടെ 15 ഓളം കേസുകള്‍ കാസര്‍കോട് ജില്ലയില്‍ മാത്രം ഇയാള്‍ക്കെതിരെയുണ്ടെന്ന് പൊലിസ് പറഞ്ഞു. ഇതില്‍ 12 എണ്ണം കവര്‍ച്ചാ കേസുകളാണ്. ആദ്യം ഇയാള്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി റോഡരികിലെ കടകളിലെയും വീടുകളിലെയും പെട്രോള്‍ പമ്പുകളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു. ഇതില്‍ നിന്നാണ് സ്‌കൂട്ടര്‍ യാത്രക്കാരനെ തിരിച്ചറിഞ്ഞത്. ഇത് കണ്ണൂര്‍, കാസര്‍കോട് കോഴിക്കോട് ജില്ലകളിലെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലേക്കും ഇയാളുടെ ചിത്രങ്ങള്‍ അയച്ചു കൊടുത്തു.

ബേക്കല്‍ പൊലിസ് നല്‍കിയ വിവരത്തിന്റെ സഹായത്തോടെയാണ് കവര്‍ച്ച നടത്തിയത് കളനാട് സ്വദേശിയാണെന്ന് വ്യക്തമായത്. ഭാര്യയുടെ സ്‌കൂട്ടര്‍ നമ്പര്‍ പ്‌ളേറ്റ് മാറ്റിയാണ് ഇയാള്‍ മാല പൊട്ടിക്കാനായി ഇറങ്ങിയത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് ബേക്കലില്‍ നിന്നും പൊലിസ് പ്രതിയെ കൂടിയത്. നാദാപുരത്ത് ഇയാള്‍ മാല പിടിച്ചു പറിച്ചു രക്ഷപ്പെട്ടതായും സമ്മതിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ നേരത്തെ അറസ്റ്റിലായി ജയിലില്‍ കിടന്ന ഇയാള്‍ പിന്നീട് സ്വര്‍ണ മാല പിടിച്ചു പറിയിലേക്ക് നീങ്ങുകയായിരുന്നു.

വഴി യാത്രക്കാരായ വയോധികകളും മധ്യവയസ്‌കകളുമാണ് കൂടുതല്‍ ഇരകളായി മാറിയത്. വഴി ചോദിക്കാനായി സ്‌കൂട്ടര്‍ ഇവരുടെ അടുത്ത് നിര്‍ത്തിയതിനു ശേഷം ഞൊടിയിടക്കുള്ളില്‍ മാല പിടിച്ചു പറിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്. സ്ത്രീകള്‍ ബഹളം വയ്ക്കുമ്പോഴെക്കും ഇയാള്‍ ബഹുദൂരം കടന്നിരിക്കും. ഒരിക്കല്‍ കവര്‍ച്ച നടത്തിയ ഭാഗത്ത് വീണ്ടും വരാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധിച്ചിരുന്നു. സി.സി.ടി.വികള്‍ ഉണ്ടെന്നു കരുതുന്ന ടൗണുകള്‍ മോഷണത്തില്‍ നിന്നും ഒഴിവാക്കി. എങ്കിലും പ്രതീക്ഷിക്കാത്ത ചില സ്ഥലങ്ങളില്‍ നിന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചത് പൊലിസിന് പ്രതിയിലേക്ക് എത്തിച്ചേരാന്‍ സഹായകരമായി.

പ്രതിയെ തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണത്തില്‍ എസ്.ഐമാരായ പ്രശോഭ്, രവീന്ദ്രന്‍, എ.എസ്.ഐ പ്രസാദ് സി.പി.ഒമാരായ ലിബിന്‍, കലേഷ്, സായൂജ്, റിജിന്‍നാഥ്, വിപിന്‍പാജ് എന്നിവരും പങ്കെടുത്തു.

Tags:    

Similar News