രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടണം; സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്നു; ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ; പിന്നാലെ വ്യാപക പ്രതിഷേധം; നാടകത്തിലെ 'രാക്ഷസൻ' അറസ്റ്റിൽ
ഗഞ്ചം: നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാൻ സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്ന നടന് കിട്ടിയത് എട്ടിന്റെ പണി. ഒഡിഷയിലെ ഗഞ്ചമിലാണ് സംഭവം. സംഗീത നാടകത്തിനിടയിൽ രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ സ്റ്റേജിൽ വച്ച് കൊന്ന് തിന്നുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മൃഗാവകാശ സംഘടനകൾ പരാതിയുമായി എത്തി. ഇതോടെ ബിംഭാധാർ ഗൗഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.
നവംബർ 24നാണ് സംഭവം. സംഗീത നാടക സംഘാടകർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. 45കാരനൊപ്പം അഭിനയിച്ച മറ്റ് നടന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിൽ മൃഗങ്ങൾക്കെതിരായ അക്രമം ചർച്ചയാവുകയും ചെയ്തിരുന്നു. ബിംഭാധാർ ഗൗഡയെ കൂടാതെ പരിപാടിയുടെ സംഘാടകരിലൊരാളെയും വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനും മൃഗങ്ങളോട് ക്രൂരത കാട്ടിയതിനും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല.
നാടകത്തിന്റെ മറ്റ് രംഗങ്ങളിൽ നാടകത്തിലെ മറ്റ് കലാകാരന്മാർ പാമ്പുകളേയും അപകടകരമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനത്ത് പാമ്പുകളെ പ്രദർശിപ്പിക്കുന്നത് വിലക്കുള്ളപ്പോഴാണ് നിയമ ലംഘനങ്ങൾ പൊതു വേദിയിൽ അരങ്ങേറിയത്. നാടക രംഗത്തിന് കൂടുതൽ ഭീകരത കൊണ്ടുവരാനല്ല ശ്രമമാണ് നടന് വിനയായത്. കയറിൽ കെട്ടിത്തൂക്കിയ നിലയിലുള്ള പന്നിയുടെ വയറ് പിളർന്ന് കൊന്ന് പച്ച ഇറച്ചി ഭക്ഷിക്കുയായിരുന്നു ഇയാൾ.
മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ കാണികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ക്രൂരത വലിയ രീതിയിൽ സമൂഹമാധ്യമങ്ങളിലും സംസ്ഥാനത്തും പ്രതിഷേധത്തിന് കാരണമായിരുന്നു. സംഭവത്തിൽ മൃഗാവകാശ സംഘടനകൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഞ്ചിയാനാൽ യാത്രയുടെ ഭാഗമായി റലാബ് ഗ്രാമത്തിലായിരുന്നു നാടകം നടന്നത്. നാടകത്തിനായി പാമ്പുകളുമായി സ്റ്റേജിലെത്തിയവരെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വിശദമാക്കി.