15 ദിവസത്തിനിടെ 4 ദുബായ് യാത്ര, കടത്തിയത് 14.8 കിലോ സ്വര്‍ണം; ശരീരത്തില്‍ ചുറ്റിയ ബെല്‍റ്റില്‍ ഒളിപ്പിച്ച നിലയില്‍ 14 കിലോ വരുന്ന സ്വര്‍ണ ബാറുകളും 800 ഗ്രാം സ്വര്‍ണാഭരണങ്ങളും; ബംഗളുരുവില്‍ അറസ്റ്റിലായ നടി രന്യ റാവു കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകള്‍
15 ദിവസത്തിനിടെ 4 ദുബായ് യാത്ര, കടത്തിയത് 14.8 കിലോ സ്വര്‍ണം
ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത്് കുറഞ്ഞത് അടുത്തകാലത്താണ്. കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നതിന്റെ തീരുവ കുറച്ചതോടെയാണ് കേരളത്തില്‍ സ്വര്‍ണ്ണക്കടത്ത് കുറഞ്ഞത്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങള്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കുറയുന്നില്ലെന്നാണ് സൂചനകള്‍.
വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിലായ സംഭവം നടക്കുന്നത്. 14.8 കിലോ സ്വര്‍ണമാണ് നടിയില്‍ നിന്നും പിടിച്ചെടുത്തത്. ദുബായില്‍ നിന്നാണ് രന്യ സ്വര്‍ണം കടത്തിയത്. ഡിആര്‍ഒ ഓഫിസില്‍ നടിയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കര്‍ണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
വിമാനത്താവളത്തില്‍ രന്യ റാവു ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു. ഡിജിപി (പോലീസ് ഹൗസിങ് കോര്‍പറേഷന്‍) രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ. ചൊവ്വാഴ്ച വൈകുന്നേരം ജഡ്ജിക്ക് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രന്യ സ്വര്‍ണക്കടത്ത് റാക്കറ്റിലെ കണ്ണിയാണോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവില്‍ ഇറങ്ങിയ 32കാരിയായ രന്യയെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. തുടര്‍ച്ചയായ ഗള്‍ഫ് യാത്രകളെ തുടര്‍ന്ന് രന്യ ഡിആര്‍ഐയുടെ നിരീക്ഷണത്തിലായിരുന്നു. ഈ വര്‍ഷം മാത്രം 10ലധികം വിദേശയാത്രകള്‍ രന്യ നടത്തിയെന്നാണ് വിവരം. ഇതെല്ലാം സ്വര്‍ണം കടത്താന്‍ വേണ്ടിയാണ് എന്ന സൂചനകളാണ് പുത്തുവരുന്നത്.