രാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ച് കൊലകള്‍; മൂന്ന് കൊലക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തി ഫര്‍സാനയെയും അഫ്‌സാനെയും തീര്‍ത്തു; ആറു പേരും തീര്‍ന്ന് കരുതി പാഴ്‌സല്‍ മദ്യവും കഴിച്ചു; എലിവിഷം മാരകമായിരുന്നില്ല; അഫാന്റെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?

Update: 2025-02-26 02:41 GMT

വെഞ്ഞാറമൂട് : അഫാനെ സര്‍മ്മദ്ദത്തിലാക്കിയത് സാമ്പത്തികപ്രശ്‌നങ്ങളും അതിനെത്തുടര്‍ന്നുള്ള മദ്യപാനവുമെന്ന് വിലയിരുത്തല്‍. അഫാന്റെ വിശദ മൊഴി എടുക്കും. അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഷെമിയുടെ മൊഴി എടുക്കുമ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് വിലയിരുത്തല്‍. അതിനിടെ നിര്‍ണ്ണായക വിവരങ്ങള്‍ കൂടി പുറത്തു വരുന്നുണ്ട്.

മദ്യപാനവും സാമ്പ്ത്തിക പ്രശ്‌നങ്ങളുമുണ്ടാക്കിയ സമ്മര്‍ദ്ദമാണ് കൂട്ടക്കൊലയ്ക്കുശേഷം ജീവനൊടുക്കാന്‍ അഫാന്‍ ശ്രമിച്ചതിനു പിന്നിലെന്നാണ് നിഗമനം. അമ്മയുള്‍പ്പെടെ ആറുപേരും മരിച്ചു എന്ന് വിചാരിച്ചാണ് അഫാന്‍ എലി വിഷം കഴിച്ചശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. അഫാന്‍ കഴിച്ച വിഷം മാരകമായിരുന്നില്ല. രാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ചായിരുന്നു കൊലപാതകങ്ങളെല്ലാം.

വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെ ഒന്നാം നിലയിലെ മുറിയില്‍ വച്ച് അമ്മ ഷെമിയെയാണ് അഫാന്‍ ആദ്യം ആക്രമിച്ചതെന്നാണ് പോലീസ് നിഗമനം. കഴുത്തില്‍ ഷാള്‍ മുറുക്കുകയായിരുന്നു. ബോധരഹിതയായപ്പോള്‍ ഷെമി മരിച്ചെന്ന് കരുതി മുറി പൂട്ടിയിട്ട ശേഷം അഫാന്‍ പുറത്തേക്ക് പോയി. ഉച്ചയ്ക്ക് പാങ്ങോടുള്ള പിതാവിന്റെ അമ്മ സല്‍മാബീവിയെ വീട്ടിലെത്തി കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു. തുടര്‍ന്ന് പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ ചുള്ളാളം എസ്എല്‍പുരത്തെ വീട്ടിലെത്തി കൊലപ്പെടുത്തി. മൂന്ന് കൊലപാതകങ്ങള്‍ക്കു ശേഷം ബാറിലെത്തി മദ്യപിച്ചശേഷം തിരിച്ചെത്തിയാണ് ഫര്‍സാനയെയും അഫ്‌സാനെയും അഫാന്‍ കൊലപ്പെടുത്തിയത്.

അമ്മ ഷെമി മരിച്ചെന്ന് ഉറപ്പാക്കാന്‍ ചുറ്റിക ഉപയോഗിച്ച് വീണ്ടും തലയ്ക്കടിച്ചു. തുടര്‍ന്ന് വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടശേഷമാണ് പൊലീസ് സ്റ്റേഷനിലേക്ക് പോയത്. മൂന്നു ബന്ധുക്കളെ കൊന്നശേഷം വേഷംമാറി കറുത്ത ഷര്‍ട്ടുമിട്ടാണ് അഫാന്‍ ബാറിലെത്തിയത്. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയശേഷം കുളിച്ച് മറ്റൊരു ഷര്‍ട്ടുമിട്ടാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. തലയ്ക്കടിച്ചപ്പോള്‍ രക്തംചീറ്റി ദേഹത്തായതിനാലാണ് ഷര്‍ട്ട് മാറിയത്.

ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പ്രതി ബാറില്‍ പോയത്. വെഞ്ഞാറമൂട്ടിലെ ബാറില്‍ 10 മിനിറ്റ് ചെലവഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായും മദ്യം വാങ്ങി വീട്ടിലെത്തി ഫര്‍സാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറി . അഫാന്റെ ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിക്കാന്‍ സൈബര്‍ പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. നാളുകളായി കൂട്ട ആത്മഹത്യയെ കുറിച്ച് കുടുംബം ആലോച്ചിരുന്നതായാണ് അഫാന്‍ മൊഴി നല്‍കിയത്. ഇതിനുള്ള മാര്‍ഗങ്ങളെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞിരുന്നുവെന്നാണ് മൊഴി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ അടക്കം പരിശോധിക്കുന്നത്.

ആശുപത്രിയില്‍ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാന്‍ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. രാത്രി മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൊഴി എടുക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല അഫാന്‍.

Tags:    

Similar News