കൂട്ടക്കൊലയ്ക്ക് മുന്‍പ് യൂട്യൂബില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടു; ദൃശ്യങ്ങള്‍ ഉമ്മയെ കാണിച്ചിരുന്നുവെന്ന് അഫാന്റെ മൊഴി; ഉമ്മ ഷെമിയെ പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം; 'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ടെന്ന് മൊഴിയില്‍ ഉറച്ച് ഷെമി

കൂട്ടക്കൊലയ്ക്ക് മുന്‍പ് യൂട്യൂബില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടു;

Update: 2025-03-21 06:56 GMT

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കടബാധ്യത നിറുകയില്‍ കയറിയ അഫാന്റെ കുടുംബം കൂട്ട ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്നാണ് അഫാന്‍ മൊഴി നല്‍കിയത്. ഇക്കാര്യം വീട്ടിലും ചര്‍ച്ച ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. കൂട്ടക്കൊലക്ക് മുന്‍പ് യൂട്യൂബില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോ കണ്ടെന്നാണ് പ്രതി അഫാന്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ നല്‍കിയിരിക്കുന്ന മൊഴി. ഈ ദൃശ്യങ്ങള്‍ ഉമ്മ ഷെമിയെയും താന്‍ കാണിച്ചിട്ടുണ്ടായിരുന്നു എന്ന് പൊലീസിനോട് അഫാന്‍ പറഞ്ഞതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഉമ്മ ഷെമിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഫാന്‍ പറഞ്ഞ കാര്യങ്ങളിലെ വസ്തുത അറിയുകയാണ് ലക്ഷ്യം.

അതേസമയം പ്രതി അഫാനെതിരെ മാതാവിന്റെ നിര്‍ണായക മൊഴി നേരത്തെ പുറത്തുവന്നിരുന്നു. ആക്രമിച്ചത് അഫാന്‍ തന്നെയെന്നാണ് ഉമ്മ ഷെമി മൊഴി നല്‍കിയത്. അഫാന്‍ കഴുത്തില്‍ ഞെരിച്ചു. 'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞാണ് പിന്നില്‍ നിന്ന് ഷാള്‍ കൊണ്ടു കഴുത്തു ഞെരിച്ചതെന്നാണ് മൊഴി. കിളിമാനൂര്‍ സിഐ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചുണ്ടായ മുറിവെന്നാണ് ആദ്യം ഷെമി മൊഴി നല്‍കിയത്. പിന്നീട് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയത്. ഈ മൊഴിയില്‍ ഇപ്പോള്‍ ഷെമി ഉറച്ചു നില്‍ക്കുന്നുണ്ട്. വയോജന കേന്ദ്രത്തിന്റെ സംരക്ഷണത്തിലാണ് ഷെമി ഇപ്പോള്‍ കഴിയുന്നത്.

സംഭവദിവസം രാവിലെ തന്റെ പിന്നിലൂടെ വന്ന അഫാന്‍ തന്റെ ഷാളില്‍ പിടിച്ചിട്ട് 'ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം' എന്നു പറഞ്ഞുവെന്നു ഷെമി മൊഴി നല്‍കി. 'ക്ഷമിച്ചു മക്കളേ' എന്നു മറുപടി പറഞ്ഞപ്പോള്‍ കഴുത്തില്‍ ഷാള്‍ മുറുകുന്നതു പോലെ തോന്നി. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവര്‍ വെളിപ്പെടുത്തി. അഫാന്‍ വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയില്‍, ഉള്ളില്‍ച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതില്‍ മാത്രം ആയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. എലിവിഷം ശീതള പാനീയത്തില്‍ ചേര്‍ത്താണ് കഴിച്ചതെന്നും പിന്നീടാണ് മദ്യപിച്ചതെന്നും അഫാന്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു.

അതേ സമയം അഫാനെ ഇനി കാണില്ലെന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും പിതാവ് റഹീം നേരത്തേ പറഞ്ഞിരുന്നു. കൂട്ടക്കൊലപാതകം നടന്ന ആ വീട്ടിലേക്ക് പോവാന്‍ കഴിയുന്നില്ലെന്നും റഹീം പറഞ്ഞു. മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാവുന്നതോടെ കൂട്ടക്കൊലപാതകക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ജനുവരി 24-നാണ് കനത്ത കടബാധ്യതയെത്തുടര്‍ന്ന് അഫാന്‍ അഞ്ച് ക്രൂര കൊലപാതകങ്ങള്‍ നടത്തിയത്.

സഹോദരന്‍ അഫ്‌സാന്‍, എസ്.എന്‍ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരന്‍ ലത്തീഫ്, അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറയുകയായിരുന്നു.

അതേസമയം, കേസില്‍ മൂന്നാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. സഹോദരന്‍ അഫ്‌സാന്റെയും ഫര്‍സാനയുടെയും കൊലപാതകത്തില്‍ പേരുമലയിലെ വീട്ടില്‍ അടക്കം എട്ട് ഇടങ്ങളില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. മൂന്നാം ഘട്ട തെളിവെടുപ്പിന്റെ ഭാഗമായി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ആദ്യം പ്രതിയുമായി എത്തിയത് പേരുമലയിലെ പ്രതിയുടെ വീട്ടിലേക്കാണ്. ശേഷം സ്വര്‍ണം പണയംവെച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും പെപ്‌സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് ഒരിക്കല്‍ കൂടി പ്രതിയെ എത്തിച്ചു.

Tags:    

Similar News