അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ വന്‍ ദുരൂഹത; വിമാനത്തിന്റെ എന്‍ജിന്‍ ഫ്യൂവല്‍ സ്വിച്ചുകള്‍ ഓഫായിരുന്നു; 'എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിച്ചു, താനല്ലെന്ന് മറുപടിയും'; കോക്പിറ്റിലെ സംഭാഷണങ്ങളും ലഭിച്ചു; പ്രഥമിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ വിമാന ദുരന്തത്തില്‍ ഉയരുന്നത് അടിമുടി ദുരൂഹത
അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ വന്‍ ദുരൂഹത
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന സംഭവത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ അടിമുടി ദുരൂഹകള്‍. വിമാന അപകടം അട്ടിമറിയാണോ എന്നത് അടക്കമുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലച്ചു എന്നാണു അന്വേഷണ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തില്‍. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് (എഎഐബി) റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
എന്‍ജിനിലേക്ക് ഇന്ധനം പോകുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയതാണ് രണ്ട് എന്‍ജിനുകളും നിലയ്ക്കാന്‍ കാരണം എന്നാണു നിഗമനം. ജൂണ്‍ 12ന് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 260 പേരാണു മരിച്ചത്. എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ വിമാനത്തിന് പറന്നുയരാന്‍ ശക്തി ലഭിച്ചില്ല.
കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫ് ആക്കിയതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നുണ്ട്. താനല്ല ഓഫ് ചെയ്തതെന്ന് അയാള്‍ മറുപടിയും പറയുന്നു. ഏതു പൈലറ്റാണ് ഇത്തരത്തില്‍ മറുപടി പറഞ്ഞതെന്നു വ്യക്തമല്ല. വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. പ്രധാന പൈലറ്റ് അത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡ് വ്യത്യാസത്തിലാണ് ഓഫ് പൊസിഷനിലേക്ക് മാറിയത്. ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു നിലംപതിക്കുകയായിരുന്നു.
സ്വിച്ച് ഉടന്‍തന്നെ പൂര്‍വസ്ഥിതിയിലേക്ക് മാറി. ഒരു എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നാലു സെക്കന്‍ഡുകള്‍ക്കുശേഷം രണ്ടാമത്തെ സ്വിച്ചും ഓണായി. എന്നാല്‍ രണ്ടാമത്തെ എന്‍ജിന് പറന്നുയരാനുള്ള ശക്തി ലഭിച്ചില്ല. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല. മറ്റ് തകരാറുകളില്ല. കാലാവസ്ഥ അനുകൂലമായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.
വിമാനത്തിന്റെ ചിറകുകളിലെ ഫ്‌ലാപ്പുകള്‍ ക്രമീകരിച്ചിരുന്നത് സാധാരണ നിലയിലായിരുന്നു. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് പറന്നത്. വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ. മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ തകര്‍ന്നുവീഴും മുമ്പ് 0.9 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് വിമാനം സഞ്ചരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉച്ചയ്ക്ക് 1.39 നായിരുന്നു അപകടം.
വിമാനത്തെ മുന്നോട്ടു പോകാന്‍ സഹായിക്കുന്ന ത്രസ്റ്റ് ലിവറുകള്‍ സാധാരണ നിലയിലായിരുന്നു. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ അനുസരിച്ച് അപകടമുണ്ടാകുന്നതുവരെ അവ ഫോര്‍വേഡ് പൊസിഷനിലായിരുന്നു. രണ്ട് ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളും 'റണ്‍' പൊസിഷനിലായിരുന്നു. അട്ടിമറിയുടെ തെളിവുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരുമാസമാകുന്ന ദിവസമാണ് ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം സമര്‍പ്പിച്ചത്. 600 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് വിമാനത്തിന്റെ എന്‍ജിനുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന ബോധ്യമായത്. അങ്ങനെ സംഭവിക്കുമ്പോള്‍ എന്‍ജിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ പെട്ടെന്ന് ഓഫാക്കുകയും ഓണാക്കുകയുമാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ വിമാനം 600 അടി ഉയരത്തില്‍ എത്തിയ സമയത്ത് ഈ സ്വിച്ചുകള്‍ കട്ട് ഓഫ് പൊസിഷനില്‍ ആയിരുന്നുവെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇത് ഓഫ് ചെയ്തത് ആരാണെന്നതാണ ്‌ചോദ്യം.
ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഒഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചു. ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ഇന്ധനമാണ് വിമാനത്തില്‍ അപകട സമയത്തുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന് ഉച്ചയ്ക്ക് 2.09 ന് എടിസിയിലേക്ക് മേയ്ഡേ കോള്‍ ലഭിച്ചു. ഇതിന് പിന്നാലെ തിരികെ വിമാനത്തിലെ കോക്പിറ്റുമായി എടിസി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബന്ധം നഷ്ടപ്പെട്ടു. ഈ സമയത്ത് വിമാനം തകര്‍ന്നുവീണിരുന്നു.