സ്‌കൂളില്‍ സഹപാഠികളായിരുന്ന അയല്‍ക്കാര്‍; പലപ്പോഴായി പല ആവശ്യം പറഞ്ഞ് ഡല്‍ഹിയിലെ വ്യവസായിയില്‍ നിന്നും പണം കടം വാങ്ങിയ കൂട്ടുകാരി; ആ തുക തിരിച്ചു ചോദിച്ചപ്പോള്‍ കൂട്ടുകാരനെ വീട്ടില്‍ വിളിച്ചു വരുത്തി നഗ്നനാക്കി ഫോട്ടോ എടുത്തു; പിന്നെ ആവശ്യപ്പെട്ടത് രണ്ടു ലക്ഷം; പണം കിട്ടാത്ത പകയില്‍ സ്‌കൂള്‍ ഗ്രൂപ്പിനൊപ്പം ഭാര്യയ്ക്കും ചിത്രം അയച്ച സിന്ധു; പള്ളിക്കുത്തെ രതീഷിന്റെ ജീവനെടുത്തത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ഹണിട്രാപ്പ്

Update: 2025-11-17 03:31 GMT

മലപ്പുറം: യുവാവ് ജീവനൊടുക്കിയ കേസില്‍ അയല്‍വാസിയായ യുവതിയും ഭര്‍ത്താവും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ഹണിട്രാപ്പായിരുന്നു ആത്മഹത്യയ്ക്ക് കാരണം. മലപ്പുറം എടക്കര പള്ളിക്കുത്ത് സ്വദേശി രതീഷ് ജീവനൊടുക്കിയ കേസിലാണ് അറസ്റ്റ്. ഡല്‍ഹി ബിസിനസുകാരനായ രതീഷ് ജൂണ്‍ 11 നാണ് പള്ളിക്കുത്തിലെ വീട്ടില്‍ തൂങ്ങിമരിച്ചത്. പള്ളിക്കുത്ത് സ്വദേശിനി ഇടപ്പലം സിന്ധു, (41) ഭര്‍ത്താവ് ശ്രീരാജ് (44), സിന്ധുവിന്റെ ബന്ധുവായ പള്ളിക്കുത്ത് കൊന്നമണ്ണ മടുക്കോലില്‍ പ്രവീണ്‍ (38), നാട്ടുകാരനും ശ്രീരാജിന്റെ സുഹൃത്തുമായ കാക്കനാട്ടു പറമ്പില്‍ മഹേഷ് (25), എന്നിവരെയാണ് സിഐ ടി വി ധനഞ്ജയദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ സാബു ഒളിവിലാണ്.

2024 നവംബറിലാണ് ഇവര്‍ രതീഷിനെ നഗ്‌നനാക്കി മര്‍ദിച്ചത്. സിന്ധുവിന്റെ വീട്ടിലേക്ക് വിളിപ്പിച്ചായിരുന്നു മര്‍ദനം. വീട്ടില്‍ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേര്‍ന്ന് നഗ്‌നനാക്കി. വിവസ്ത്രനായി നില്‍ക്കുന്ന രതീഷിനൊപ്പം യുവതി കൂടെനിന്ന് ഫോട്ടോ എടുത്തു. ഫോട്ടോ പുറത്തു വിടാതിരിക്കാനായി പണം ആവശ്യപ്പെട്ടു. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുനല്‍കി. ഇതോടെയാണ് യുവാവ് ീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ ആരോപിച്ചിരുന്നു. രതീഷിന്റെ അമ്മയും ഭാര്യയും പോലീസില്‍ പരാതി നല്‍കിയിരുന്നു. എടക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കടം വാങ്ങിയ പണം രതീഷ് തിരികെ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പണം തിരിച്ചു കൊടുക്കാതിരിക്കാനും രതീഷില്‍നിന്നും കൂടുതല്‍ പണം തട്ടിയെടുക്കാനും വേണ്ടിയായിരുന്നു ഹണിട്രാപ്പ്. രതീഷിനെ സിന്ധുവും ഭര്‍ത്താവ് ശ്രീരാജും ചേര്‍ന്ന് ഹണി ട്രാപ്പില്‍ കുടുക്കിയതാണന്നും സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടിയെന്നും വീട്ടുകാര്‍ പറയുന്നു. ഫോട്ടോ തെളിവുകള്‍ അടക്കം ഉള്ളതാണ് കേസില്‍ നിര്‍ണ്ണായകമായത്.

പള്ളിക്കുത്ത് സ്വദേശിയും ഡല്‍ഹിയില്‍ വ്യവസായിയും സ്ഥിരതാമസക്കാരനുമായിരുന്നു രതീഷ്. രതീഷിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴികള്‍ രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രതീഷ് ഹണി ട്രാപ്പിന് ഇരയായതായി സൂചന ലഭിച്ചത്. രതീഷും സിന്ധുവും ബന്ധുക്കളും സഹപാഠികളുമായിരുന്നു. സിന്ധു പലപ്പോഴായി പല ആവശ്യങ്ങള്‍ പറഞ്ഞ് രതീഷില്‍ നിന്നും പണം കൈപ്പറ്റിയിരുന്നു. രതീഷില്‍ നിന്നും കൂടുതല്‍ പണം തട്ടിയെടുക്കാനും സിന്ധുവും ഭര്‍ത്താവ് ശ്രീരാജും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. സഹായത്തിനായി മഹേഷിനേയും പ്രവീണിനേയും കൂടെ കൂട്ടി. രതീഷ് നാട്ടിലെത്തിയ സമയത്ത് സിന്ധു പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് രതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്‌ന വീഡിയോ പകര്‍ത്തുകയായിരുന്നു.

തുടര്‍ന്ന് ശ്രീരാജും സിന്ധുവും രതീഷിനോട് കൂടുതല്‍ പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ വീഡിയോ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തി. രതീഷ് വഴങ്ങാതായപ്പോള്‍ ഭാര്യയ്ക്ക് പ്രതികള്‍ വീഡിയോ അയച്ചു കൊടുത്തു. മാനസിക സമര്‍ദ്ധത്തിലായ രതീഷ് ആത്മഹത്യ ചെയ്യുകായിരുന്നുവെന്ന് പോലീസ് പറയുന്നു. എസ്‌ഐ സതീഷ് കുമാര്‍, എഎസ്‌ഐ പിഷീജ, സീനിയര്‍ സിപിഒ വി അനൂപ്, സിപിഒ മാരായ എ സുദേവ്, രേഖ, നജുമുദ്ദീന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്. പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്‌കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും അയച്ചുനല്‍കി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകന്‍ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ ആരോപിച്ചിരുന്നു.

Tags:    

Similar News