കടം വാങ്ങിയ പണം തിരികെ തരാമെന്ന് പറഞ്ഞ് മയക്കി വീട്ടിലേക്ക് വിളിച്ചുവരുത്തി; മുറിയിൽ കയറിയതും ഉടുതുണി അഴിപ്പിച്ച് യുവതിയ്‌ക്കൊപ്പം നിർത്തി ഫോട്ടോ എടുത്ത് ഭീഷണി; ഒടുവിൽ മനോവിഷമം താങ്ങാൻ കഴിയാതെ യുവാവിന്റെ കടുംകൈ; നാടിനെ നടുക്കിയ ആ ഹണിട്രാപ്പ് കേസിൽ അയൽവാസികൾ കുടുങ്ങുമ്പോൾ

Update: 2025-11-16 16:04 GMT

മലപ്പുറം: മലപ്പുറം എടക്കരയിൽ ഹണിട്രാപ്പ് കേസിൽ ഒൻപതാം പ്രതിയായ അയൽവാസിയായ യുവതിയും ഭർത്താവും ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കുത്ത് സ്വദേശി രതീഷിനെ നഗ്നനാക്കി മർദിച്ച് ജീവനൊടുക്കാൻ പ്രേരിപ്പിച്ച കേസിലാണ് സിന്ധു, ഭർത്താവ് ശ്രീരാജ്, ബന്ധുക്കളായ പ്രവീൺ, മഹേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. 2024 നവംബറിലാണ് സംഭവം നടന്നത്.

സംഭവത്തിനു പിന്നിൽ അയൽവാസിയായ സിന്ധു ഉൾപ്പെടെയുള്ള നാലംഗ സംഘമാണെന്ന് രതീഷിന്റെ കുടുംബം ആരോപിച്ചിരുന്നു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ഇതിലുണ്ടായ മാനസിക സമ്മർദ്ദത്തെത്തുടർന്നാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും സഹോദരൻ രാജേഷും പരാതി നൽകിയത്. ഈ പരാതികളെത്തുടർന്ന് എടക്കര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.

ഡൽഹിയിൽ വ്യവസായിയായിരുന്ന രതീഷിനെ, കടം വാങ്ങിയ പണം തിരികെ നൽകാനാണെന്ന് പറഞ്ഞ് സിന്ധു വീട്ടിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. വീട്ടിലെത്തിയ രതീഷിനെ സിന്ധുവും കൂട്ടാളികളും ചേർന്ന് ബലം പ്രയോഗിച്ച് നഗ്നനാക്കി. തുടർന്ന്, വിവസ്ത്രനായ രതീഷിനൊപ്പം സിന്ധു ചിത്രമെടുത്തു. ഈ ചിത്രങ്ങൾ പുറത്തുവിടാതിരിക്കാൻ 2 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടതായും പറയപ്പെടുന്നു.

പണം ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ, ചിത്രങ്ങൾ രതീഷിന്റെ സ്കൂൾ ഗ്രൂപ്പിലേക്കും ഭാര്യക്കും കൂട്ടുകാർക്കും അയച്ചുകൊടുത്തതായി അമ്മ തങ്കമണി ആരോപിച്ചു. ചിത്രങ്ങൾ പുറത്തായതോടെയുണ്ടായ നാണക്കേടും മാനഹാനിയുമാണ് രതീഷിന്റെ ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ മൊഴി. 2024 ജൂൺ 11-നാണ് രതീഷിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് രതീഷിന്റെ അമ്മയും ഭാര്യയും നൽകിയ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ എടക്കര മേഖലയിൽ വലിയ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്.

Tags:    

Similar News