ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത് നിന്ന് സുരേഷ് കുമാര്‍ സിഗരറ്റ് വലിച്ചു; ഇവിടെ നിന്ന് പുകവലിക്കാന്‍ പാടില്ലെന്ന് യുവതികള്‍ പറഞ്ഞു; ഇത് വഴക്കായി; 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് എത്തി വിലക്കി; ഇത് വീണ്ടും തര്‍ക്കമായി; ശങ്കര്‍ പാസ്വാനെ കണ്ടെത്തിയത് ഓട്ടോയിലൂടെ; ആ തീവണ്ടിയില്‍ അന്ന് സംഭവിച്ചത്
തിരുവനന്തപുരം: വര്‍ക്കലയില്‍ യുവതിയെ ട്രെയിനില്‍നിന്ന് തള്ളിയിട്ടയാളെ കീഴ്പ്പെടുത്തിയ ബിഹാര്‍ സ്വദേശി ശങ്കര്‍ പസ്വാനെ പോലീസ് കണ്ടെത്തിയത് സിസിടിവി പരിശോധനയില്‍. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്ന പ്രതിയെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അര്‍ച്ചനയെ പ്രതിയില്‍നിന്ന് രക്ഷിച്ചതും പാസ്വാനായിരുന്നു. ബിഹാര്‍ നളന്ദ സ്വദേശിയാണ് ശങ്കര്‍ പാസ്വാന്‍. കൊച്ചുവേളിയില്‍ ആണ് താമസിക്കുന്നത്. കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ശങ്കര്‍. ട്രെയിനിലെ ആക്രമണവും ശങ്കര്‍ പാസ്വാന്റെ രക്ഷാപ്രവര്‍ത്തനവും വലിയ വാര്‍ത്തയായെങ്കിലും ശങ്കര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് റെയില്‍വേ പോലീസ് വിശദീകരിക്കുന്നത്.
സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൊച്ചുവേളി വ്യവസായ ഏരിയയിലെ സ്ഥാപനത്തില്‍ ജീവനക്കാരനായ ശങ്കറിനെ കണ്ടെത്തിയത്. കേരള എക്സ്പ്രസിനു വര്‍ക്കല കഴിഞ്ഞാല്‍ പേട്ടയിലും തിരുവനന്തപുരത്തുമാണു സ്റ്റോപ്പുകള്‍. രക്ഷാപ്രവര്‍ത്തനം നടത്തിയ ചുവന്ന ഷര്‍ട്ടുകാരന്‍ ഇറങ്ങിയത് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു. സിസിടിവിയിലാണ് ഇത് കണ്ടെത്തിയത്. ഓട്ടോറിക്ഷയില്‍ കയറുന്ന സി.സി.ടിവി ദൃശ്യവും പോലീസിനു ലഭിച്ചു.
ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടുപിടിച്ചതായിരുന്നു നിര്‍ണ്ണായകമായത്. രാത്രി സവാരി ആയതിനാല്‍ ചുവന്ന ഷര്‍ട്ടിട്ട ഒരാളെ കൊച്ചുവേളിയില്‍ ഇറക്കിയത് ഓട്ടോ ഡ്രൈവര്‍ ഓര്‍ത്തുവച്ചിരുന്നു. കൊച്ചുവേളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ശങ്കറിനെ കണ്ടെത്തുന്നത്. ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്ന പ്രതിയെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അര്‍ച്ചനയെ പ്രതിയില്‍നിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയായ ശങ്കര്‍ പസ്വാനാണെന്നു പോലീസ് പറഞ്ഞു. കേസിലെ പ്രധാനസാക്ഷി കൂടിയായ ശങ്കറിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
രാത്രിയായതിനാല്‍ ഇയാളെ കൊണ്ടുപോയ ഓട്ടോഡ്രൈവറെ തിരിച്ചറിയാനായില്ല. നൂറിലധികം ഓട്ടോഡ്രൈവറുമായി സംസാരിച്ചു. തുടര്‍ന്നാണ് ശങ്കറിനെയും ഒരു സുഹൃത്തിനെയും കൊച്ചുവേളിയില്‍ കൊണ്ടുവിട്ട വിവരം ലഭിച്ചത്. ഈ പ്രദേശങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബീഹാര്‍ സ്വദേശിയാണെന്നും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വ്യവസായ സ്ഥാപനത്തില്‍ ജീവനക്കാരനാണെന്നും കണ്ടെത്തുകയായിരുന്നു.
പ്രതിയെ കീഴ്പ്പെടുത്തിയ, ചുവന്ന ഷര്‍ട്ട് ധരിച്ചയാളെ തെരഞ്ഞുകൊണ്ട് പോലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷര്‍ട്ട് ധരിച്ചയാള്‍ എന്നു മാത്രമായിരുന്നു പോലീസിനുണ്ടായിരുന്ന സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അര്‍ച്ചനയെക്കൂടി ആക്രമിക്കാനൊരുങ്ങുമ്പോള്‍ ചുവന്ന ഷര്‍ട്ട് ധരിച്ച വ്യക്തി ഓടിയെത്തുകയും ഒറ്റക്കൈ കൊണ്ട് അര്‍ച്ചനയെ ട്രെയിനിലേക്ക് തിരികെ പിടിച്ചുകയറ്റുകയും ചെയ്യുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. സുരേഷിനെ സാഹസികമായി കീഴ്പ്പെടുത്തുകയും ചെയ്തു.
രണ്ടുതവണ യുവതികളുമായി പ്രതി സുരേഷ് കുമാര്‍ വഴക്കിട്ടിരുന്നതായി ശങ്കര്‍ പസ്വാന്‍ മൊഴി നല്‍കി. ശ്രീക്കുട്ടിയും അര്‍ച്ചനയും ഇരുന്നതിന്റെ എതിര്‍വശത്ത് നിന്ന് സുരേഷ് കുമാര്‍ സിഗരറ്റ് വലിച്ചു. ഇവിടെ നിന്ന് പുകവലിക്കാന്‍ പാടില്ലെന്ന് യുവതികള്‍ പറഞ്ഞു. ഇതേച്ചൊല്ലി വഴക്കുണ്ടായി. 15 മിനിറ്റിനു ശേഷം ട്രെയിനിലെ ഗാര്‍ഡ് എത്തി സുരേഷ് സിഗരറ്റ് വലിക്കുന്നത് ചോദ്യം ചെയ്തു. യുവതികള്‍ പരാതിപ്പെട്ടതു കൊണ്ടാണ് ഗാര്‍ഡ് എത്തിയതെന്ന് പ്രതി കരുതി. ഇതേ ചൊല്ലി വീണ്ടും തര്‍ക്കമായി. തുടര്‍ന്നാണ് ശ്രീക്കുട്ടിയെ തള്ളിയിട്ടത്. പിന്നീട് അര്‍ച്ചനയ്ക്കുനേരേ പ്രതി തിരിഞ്ഞു.
താന്‍ ചെല്ലുമ്പോള്‍ പ്രതിയുടെ കൈയില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു അര്‍ച്ചന. പോലീസ് തന്നെ അന്വേഷിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നും ശങ്കര്‍ പറഞ്ഞു. പ്രതി സുരേഷിനെ ഇന്നലെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനിലെത്തിച്ച് റെയില്‍വെ പൊലീസ് സംഭവം പുനരാവിഷ്‌കരിച്ചു. സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന കേരള എക്‌സപ്രസിലായിരുന്നു പുനരാവിഷ്‌കരണം. മദ്യപിച്ചിരുന്നതിനാല്‍ ട്രെയിനില്‍ എവിടെ വച്ചായിരുന്നു സംഭവമുണ്ടായതെന്ന് ഓര്‍മ്മിയില്ലെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്.
