പാസ്‌പോർട്ടുകളും എം.ഡി.എം.എയും ക്രെഡിറ്റ് കാർഡുകളും പാഴ്സലുണ്ടെന്ന പേരിൽ ബന്ധപ്പെട്ടത് കൊറിയർ എക്സിക്യൂട്ടീവ്; നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും സി.ബി.ഐ ഉദ്യോഗസ്ഥൻ; മകന്റെ വിവാഹം സമയമായതിനാൽ പറഞ്ഞതെല്ലാം അനുസരിച്ചു; 'ഡിജിറ്റൽ അറസ്റ്റി'ലൂടെ 57കാരിക്ക് നഷ്ടമായത് 32 കോടി
ബംഗളൂരു: ഡിജിറ്റൽ അറസ്റ്റിന് വിധേയയായ ബംഗളൂരു സ്വദേശിനിയായ 57കാരിക്ക് നഷ്ടമായത് 32 കോടി രൂപ. ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്ന ഇവർക്ക് മാസങ്ങളോളം നീണ്ട ചതിയിലൂടെയാണ് പണം നഷ്ടപ്പെട്ടത്. 187 ഇടപാടുകളിലായി 31.83 കോടി രൂപയാണ് ഇവരുടെ അക്കൗണ്ടിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ ബെംഗളൂരു പോലീസ് അന്വേഷണം നടത്തി വരികയാണ്.
2024 സെപ്റ്റംബർ 15-നാണ് ആദ്യമായി തട്ടിപ്പ് നടന്നതെന്ന് പരാതിയിൽ പറയുന്നു. ഡി.എച്ച്.എൽ കൊറിയർ എക്സിക്യൂട്ടീവ് എന്ന് പരിചയപ്പെടുത്തിയ ഒരാൾ വിളിക്കുകയും, മുംബൈയിലുള്ള അവരുടെ പേരിൽ ഒരു പാഴ്സൽ എത്തിയെന്നും അതിൽ നാല് പാസ്‌പോർട്ടുകളും എം.ഡി.എം.എയും മൂന്ന് ക്രെഡിറ്റ് കാർഡുകളുമുണ്ടെന്നും അറിയിക്കുകയായിരുന്നു. താൻ മുംബൈയിലേക്ക് പോയിട്ടില്ലെന്നും ബംഗളൂരുവിലാണ് താമസിക്കുന്നതെന്നും അറിയിച്ചപ്പോൾ, പാഴ്സലിനൊപ്പമുള്ളത് അവരുടെ മൊബൈൽ നമ്പറാണെന്ന് കൊറിയർ ഏജന്റ് മറുപടി നൽകി.
ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ മറ്റൊരാൾക്ക് കോൾ കൈമാറി. പരാതിക്കെതിരെ തെളിവുകളുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി, നിരപരാധിത്വം തെളിയിക്കാൻ സ്ത്രീയെ നിർബന്ധിക്കുകയും ചെയ്തു. മകന്റെ വിവാഹം അടുത്ത സമയമായതിനാൽ ഭയന്നുപോയ ഇവർ, തട്ടിപ്പുകാർ പറഞ്ഞതെല്ലാം അനുസരിക്കുകയായിരുന്നു. ജാമ്യമാണെന്ന് പറഞ്ഞ് ആദ്യം രണ്ടുകോടി രൂപ വാങ്ങി. പിന്നീട് പല പേരുകളിലായി പണം കൈക്കലാക്കി.
സാമ്പത്തിക ഇടപാടുകളുടെയും ബാങ്ക് അക്കൗണ്ടിന്റെയും വിവരങ്ങൾ ആവശ്യപ്പെട്ട ഇവർ, അക്കൗണ്ടിലെ മുഴുവൻ പണവും കൈമാറിയാൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ സ്ഥിരനിക്ഷേപം ഉൾപ്പെടെ പിൻവലിച്ച് ഇവർ പണം കൈമാറി. പിന്നീട് 'ക്ലിയറൻസ് സർട്ടിഫിക്കറ്റ്' എന്ന പേരിൽ ഒരു രേഖയും നൽകി.പണം തിരികെ നൽകാമെന്ന് പറഞ്ഞ തീയതികൾ തട്ടിപ്പുകാർ തെറ്റിക്കാൻ തുടങ്ങി. മാനസികമായും ശാരീരികമായും തളർന്ന ഇവർ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. പിന്നീട് തട്ടിപ്പുകാരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല.