പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗം കുറച്ച് പോകുമ്പോള്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ട് മോഷ്ടിക്കും; ഈ ഉത്തരേന്ത്യന്‍ മോഡല്‍ കവര്‍ച്ചയ്ക്ക് പിന്നില്‍ മലയാളി സംഘം തന്നെ; ആലുവയിലെ 'ബണ്ടി ചോര്‍' സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍
കൊച്ചി: ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവണ്ടിയ്ക്കുള്ളിലെ പിടിച്ചുപറി സംഘം പോലീസ് പിടിയില്‍. യാത്രക്കാരുടെ മൊബൈലും പണവും മോഷ്ടിക്കുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. ഷൈന്‍, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയാണ് ഷൈന്‍, കണ്ണൂര്‍ സ്വദേശിയാണ് അഭിഷേക്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ടെന്ന് റെയില്‍വേ ക്രൈം ഇന്റലിജന്‍സ് സംഘം പറഞ്ഞു.
കഴിഞ്ഞ മാസം 11 ന് മുംബൈയ്ക്ക് പോവുകയായിരുന്ന നേത്രാവതി എക്സ്പ്രസില്‍ ഇവര്‍ കവര്‍ച്ച നടത്തിയിരുന്നു. ട്രെയിനിന്റെ മുന്‍ഭാഗത്തെ കോച്ചിന്റെ വാതിലില്‍ ഇരുന്ന് യാത്രചെയ്തിരുന്ന യാത്രക്കാരന്റെ ഒരു ലക്ഷം രൂപ വിലവരുന്ന ഐഫോണ്‍ ആണ് സംഘം തട്ടിയെടുത്തത്. പെരിയാര്‍ പാലത്തിലൂടെ ട്രെയിന്‍ വേഗംകുറച്ച് പോകുമ്പോള്‍ യാത്രക്കാരുടെ കൈയിലുള്ള ഫോണും മറ്റും വടികൊണ്ട് അടിച്ചിട്ടാണ് കൈവശപ്പെടുത്തിയിരുന്നത്.
കുറച്ചു ദിവസം മുമ്പും ആലുവയില്‍ സമാനരീതിയില്‍ കവര്‍ച്ച നടത്തുന്നവരെ റെയില്‍വേ പോലീസ് പിടികൂടിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെയുള്ള ആറംഗസംഘമാണ് അന്ന് പിടിയിലായത്. ആലുവ റെയില്‍വേ സ്റ്റേഷനു സമീപമുള്ള പെരിയാര്‍ പാലത്തിലൂടെ വേഗം കുറച്ചാണ് തീവണ്ടികള്‍ പോകാറുള്ളത്. ഇത് അവസരമാക്കിയാണ് മോഷണം നടത്തുന്നത്.
മേല്‍പ്പാലത്തിനും റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഭാഗത്താണ് കവര്‍ച്ചാസംഘം നിലയുറപ്പിക്കുന്നത്. തീവണ്ടിയെത്തുമ്പോള്‍ വാതിലിന് അടുത്തു നില്‍ക്കുന്നവരെ നീളന്‍ വടികൊണ്ട് ആക്രമിക്കും. കൈയില്‍നിന്ന് താഴേക്ക് വീഴുന്ന വസ്തുക്കള്‍ കൈക്കലാക്കും. അടികൊണ്ട് ആളടക്കം താഴേക്കു വീണാല്‍ മുഴുവന്‍ സാധനങ്ങളുമായി സംഘം കടന്നു കളയും. ഇത് വലിയ പ്രതിസന്ധിയായി മാറിയിരുന്നു.
കഴിഞ്ഞ ആഴ്ച ആറുപേരെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. ആലുവ സൗത്ത് വാഴക്കുളം ഷെഫിന്‍ (18), പെരുമ്പാവൂര്‍ സ്വദേശികളായ മാറമ്പിള്ളി കെ.എ. ആഷിക് (21), അല്ലപ്ര എം. സിറാജ് (26), റയോണ്‍സ് ജോസ്വിന്‍ എല്‍ദോ (18), മുടിക്കല്‍ മുഹമ്മദ് ഫസല്‍ (18), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്.
ഇത്തരം മോഷണശ്രമത്തിനിടെ ഒരു യുവാവിന് പരിക്കുപറ്റിയിരുന്നു. ഞായറാഴ്ച രാത്രി മലബാര്‍ എക്സ്പ്രസില്‍ എറണാകുളത്തുനിന്ന് ഷൊര്‍ണൂര്‍ക്ക് പോയ അമ്പലപ്പുഴ സ്വദേശിക്കാണ് സംഘത്തിന്റെ അടിയേറ്റത്. താഴെ വീണ് ഇയാള്‍ക്ക് പരിക്കേറ്റു. 75,000 രൂപയുടെ മൊബൈല്‍ ഫോണും 1500 രൂപയുടെ ഇയര്‍ ഫോണും 700 രൂപയും സംഘം മോഷ്ടിച്ചു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയിലാണ് എറണാകുളം റെയില്‍വേ പോലീസ് പ്രതികളെ പിടികൂടിയത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഇത്തരം കവര്‍ച്ചാസംഘങ്ങള്‍ വ്യാപകമാണ്. അത്തരത്തിലുള്ള മോഷണത്തിന്റെ വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാനമായ രീതിയിലാണ് ആലുവയിലും കവര്‍ച്ചാശ്രമം നടന്നതെന്നാണ് പരാതി.