ഒന്നര മാസത്തിനിടെ മൂന്ന് കുടുംബങ്ങളിലായി മരിച്ചത് പതിനേഴ് പേര്‍; ഇതില്‍ 14 പേരും കുട്ടികള്‍; 'അജ്ഞാതരോഗം' അല്ലെന്ന് കേന്ദ്രസംഘം; ജലസംഭരണിയില്‍ കീടനാശിനിയുടെ അംശം; അന്വേഷണ സംഘത്തെ നിയോഗിച്ച് അമിത് ഷാ

ബധാല്‍ ഗ്രാമത്തിലെ കൂട്ടമരണത്തില്‍ ദുരൂഹതയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Update: 2025-01-21 12:27 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ ഒന്നര ദിവസത്തിനിടെ പതിനാല് കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട്. സമീപത്തെ ജലസംഭരണിയില്‍ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് കേന്ദ്രസംഘത്തെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.

2024 ഡിസംബര്‍ ഏഴിനാണ് ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയായിരുന്നു മരിച്ചവരില്‍ കണ്ട പ്രധാനലക്ഷണങ്ങള്‍. 14 കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് കുടുംബത്തിലെ 17 പേരാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ മരണപ്പെട്ടത്. ഗ്രാമത്തില്‍ അജ്ഞാതരോഗം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത സ്ഥലത്തുള്ള കേന്ദ്രസംഘം തള്ളിക്കളഞ്ഞു. വൈറസോ ബാക്ടീരിയയോ മൂലമുള്ള രോഗമല്ല മരണത്തിലേക്ക് നയിച്ചിരിക്കുന്നതെന്ന് കേന്ദ്രസംഘം വിലയിരുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരാണ് സംഘത്തെ നയിക്കുന്നത്. ആരോഗ്യം, രാസവളം, കൃഷി മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഇവര്‍ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ വെള്ളത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയത്. സംഘം ശേഖരിച്ച 3500 സാംപിളുകളില്‍ വൈറസുകളുടേയോ ബാക്ടീരിയകളുടേയോ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിച്ചവരുടെ സാംപിളുകളില്‍ കണ്ടെത്തിയ ന്യൂറോടോക്സില്‍ മരണത്തിന് കാരണമായെന്ന നിഗമനത്തിലാണ് അധികൃതര്‍. പ്രദേശത്തെ അരുവിയില്‍ നിന്നുളള ജലം വിവിധ ആവശ്യങ്ങള്‍ക്കായി എടുക്കരുതെന്ന് ജമ്മു കശ്മീര്‍ ഭരണക്കൂടം അറിയിച്ചു. കീടനാശിനിയുടെയും സാന്നിധ്യം അരുവിയില്‍ നിന്നുള്ള ജലത്തിന്റെ സാംപിളുകളില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.

ജലസംഭരണിയില്‍ നിന്ന് ആദിവാസികള്‍ വെള്ളം ശേഖരിച്ചേക്കുമെന്ന ആശങ്കയുള്ളതിനാല്‍ ഇത് അടച്ചിടാന്‍ പ്രാദേശിക ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ജലസംഭരണിയിലെ വെള്ളം മലിനമായതും ആളുകളുടെ മരണവും തമ്മില്‍ നേരിട്ട് ബന്ധമുള്ളതായി അധികാരികള്‍ സ്ഥിരീകരിച്ചിട്ടില്ല. മലിനീകരണത്തിന്റെ കാര്യത്തിലും കൃത്യമായ ഒരു വിവരമില്ല.

കൂട്ടമരണത്തിനിടയാക്കിയ സാഹചര്യം പഠിക്കാനും മരിച്ചവരുടെ കുടുംബത്തിന് വേണ്ട സഹായങ്ങള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സംഭവം വിലയിരുത്താന്‍ മന്ത്രിതല അന്വേഷണ സമിതിക്ക് രൂപം നല്‍കി. കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തില്‍ ആരോഗ്യവകുപ്പ്, കൃഷി വകുപ്പ്, ജലവകുപ്പ് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരും അംഗങ്ങളാണ്. കേന്ദ്ര അന്വേഷണ സംഘം പ്രാദേശിക ഭരണക്കൂടവുമായി ചേര്‍ന്ന് മുന്‍കരുതല്‍ നടപടികളും സഹായ നടപടികളും ഏകോപിപ്പിക്കും.

Tags:    

Similar News