കണ്ണൂരില്‍ സ്‌കൂട്ടറിന് പണമടച്ചവരുടെ യോഗത്തില്‍ വനിതാ നേതാവും പങ്കെടുത്തു; 2024 ഒക്ടോബറില്‍ അനന്തുകൃഷ്ണനൊപ്പം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും എത്തി; വക്കീല്‍ ഫീസ് വാദം പൊളിച്ച് ലാലി വിന്‍സന്റിനെ അകത്തിടാന്‍ പോലീസ് നീക്കം; എഎന്‍ആറും നിരീക്ഷണത്തില്‍; അനന്ദ് കുമാറും സംശയത്തില്‍ തന്നെ; പാതിവില തട്ടിപ്പില്‍ വിഐപികള്‍ അകത്താകുമോ?
കണ്ണൂര്‍ : പാതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെയ്ത് കോടികള്‍ തട്ടിയ സീഡ് (സോഷ്യല്‍ എക്കണോമിക് ഡെവലപ്മെന്റ്) സൊസൈറ്റിയുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് നേരിട്ട് ബന്ധമെന്ന് റിപ്പോര്‍ട്ട്. കണ്ണൂരില്‍ സ്‌കൂട്ടറിന് പണമടച്ചവരുടെ യോഗത്തില്‍ അനന്തുകൃഷ്ണനൊപ്പം ലാലി വിന്‍സെന്റും പങ്കെടുത്തിരുന്നു. പണമടച്ചവര്‍ സീഡ് സൊസൈറ്റിയുമായി കരാറില്‍ ഒപ്പിട്ടത് ലാലിയുടെ സാന്നിധ്യത്തിലാണെന്നാണ് പോലീസ് നിലപാട്. ഈ സാഹചര്യത്തിലാണ് അവരെ കേസില്‍ പ്രതിയാക്കിയത് എന്നാണ് വിശദീകരണം. അനന്തുകൃഷ്ണന്റെ അക്കൗണ്ടില്‍നിന്ന് ലാലി വിന്‍സെന്റിന് പണം നല്‍കിയതായി മൂവാറ്റുപുഴ പൊലീസ് കണ്ടെത്തിയിരുന്നു. സീഡുമായി ബന്ധമില്ലെന്നും വക്കീല്‍ ഫീസാണ് അനന്തുകൃഷ്ണന്‍ നല്‍കിയതെന്നുമുള്ള ലാലിയുടെ വാദം കള്ളമാണെന്ന് തെളിയിക്കുന്നതാണ് യോഗത്തിലെ സാന്നിധ്യമെന്ന് വരുത്തി തീര്‍ക്കും. പാതിവില തട്ടിപ്പില്‍ ലാലി വിന്‍സന്റ് അടക്കമുള്ള വിഐപികള്‍ അറസ്റ്റിലാകാന്‍ സാധ്യത കൂടുതലാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനാണ് സര്‍ക്കാര്‍ തീരുമാനം. അന്വേഷണത്തിന് പ്രത്യേക സംഘം എത്തിയാല്‍ അനന്തുകൃഷ്ണന് കൂട്ടു നിന്ന വിഐപികളും അകത്താകാന്‍ സാധ്യത ഏറെയാണ്.
കണ്ണൂരില്‍ 2024 ഓഗസ്ത് 21നാണ് ഇരുചക്രവാഹനത്തിനായി പണമടച്ചവരുടെ യോഗം ചേര്‍ന്നത്. ഗുണഭോക്തൃ സംഗമം എന്ന പേരില്‍ കണ്ണൂര്‍ അമാനി ഓഡിറ്റോറിയത്തിലായിരുന്നു യോഗം. 19ന് തളിപ്പറമ്പിലും 20ന് ശ്രീകണ്ഠപുരത്തും യോഗം ചേര്‍ന്നു. ഇരുചക്ര വാഹനത്തിനായി അനന്തുകൃഷ്ണന്റെ പ്രൊഫഷണല്‍ സര്‍വീസ് ഇന്നോവേഷന്‍സിന്റെ അക്കൗണ്ടിലേക്ക് പണമടച്ചവര്‍, സീഡ് സൊസൈറ്റിയുമായി കരാറുണ്ടാക്കിയ മുദ്രപത്രത്തില്‍ ഒപ്പുവച്ചത് ഈ യോഗത്തില്‍വച്ചാണ്. സീഡ് കണ്ണൂര്‍ സൊസൈറ്റി സെക്രട്ടറി എ മോഹനന്റെ പരാതിയിലാണ് കേസെടുത്തത്. അനന്തുകൃഷ്ണന്‍ ഒന്നാം പ്രതിയും നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍ജിഒയുടെ സ്ഥാപക പ്രസിഡന്റ് കെ എന്‍ ആനന്ദകുമാര്‍ രണ്ടാം പ്രതിയുമാണ്. ഗുണഭോക്തൃയോഗത്തില്‍ ലാലി പങ്കെടുത്തിരുന്നെന്ന് കണ്ണൂരിലെ സീഡ് സൊസൈറ്റി ഭാരവാഹികളും മൊഴി നല്‍കി. 2024 ഒക്ടോബറില്‍ അനന്തുകൃഷ്ണനൊപ്പം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും ലാലി വിന്‍സെന്റ് എത്തിയിരുന്നു. തന്റെ ഓഫീസിലെത്തിയാണ് അനന്തുകൃഷ്ണനെ ലാലി പരിചയപ്പെടുത്തിയതെന്ന് കെ എന്‍ ആനന്ദകുമാര്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതും പോലീസ് മുഖവിലയ്ക്ക് എടുക്കും. അനന്തുകൃഷ്ണന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലാലി സ്ഥിരം സന്ദര്‍ശകയായിരുന്നെന്നും വിവരമുണ്ട്. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സെന്റ്. സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റികളാണ് സീഡ്.
ലാലി വിന്‍സെന്റ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. ലാലി വിന്‍സെന്റിനെ ഏഴാംപ്രതിയാക്കി കണ്ണൂര്‍ ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അറസ്റ്റ് തടഞ്ഞു. കേസിലെ ഒന്നാംപ്രതി അനന്തുകൃഷ്ണന്റെ നിയമ ഉപദേശകയായിരുന്നെന്നും അത്തരം സേവനങ്ങള്‍മാത്രമാണ് നല്‍കിയതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഇതിനെ പ്രോസിക്യൂഷന്‍ എതിര്‍ക്കും. അതിനിടെ വിഷയത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തു വന്നു. അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറാണ് ലാലി. തട്ടിപ്പുകാര്‍ എന്നെയും സമീപിച്ചിരുന്നു. ഭാഗ്യത്തിന് കരാറില്‍ ഒപ്പുവച്ചില്ല. കേരളം മുഴുവന്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. ബിജെപി നേതാക്കളുടെ പടമാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു കഴിഞ്ഞു. സംസ്ഥാനം കണ്ട ഏറ്റവും വലിയ മണി ചെയിന്‍ തട്ടിപ്പില്‍നിന്ന് തടിയൂരാന്‍ സിഎസ്ആര്‍ ഫണ്ടിന്റെ മറയും ഇരവാദവും ഉയര്‍ത്തി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍ ശ്രമിക്കുകയാണെന്ന വാദവും പോലീസ് സ്വീകരിച്ചേക്കും. എ എന്‍ രാധാകൃഷ്ണനും സംശയ നിഴലില്‍ തന്നെയാണ്.
പകുതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ശതകോടികള്‍ തട്ടിയ പദ്ധതിയിലൂടെ താനും കബളിപ്പിക്കപ്പെട്ടെന്ന വാദമാണ് വാര്‍ത്താസമ്മേളനത്തില്‍ രാധാകൃഷ്ണന്‍ ഉയര്‍ത്തിയത്. രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സൈന്‍ എന്ന സംഘടനയിലൂടെ പദ്ധതിയിലേക്ക് പണം നല്‍കി ആയിരങ്ങള്‍ കബളിപ്പിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം സായിഗ്രാമം സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എന്‍ ആനന്ദകുമാറിന്റെ തലയിലാക്കാനും ശ്രമമുണ്ടായി. സിഎസ്ആര്‍ ഫണ്ട് ലഭിച്ചില്ലെന്ന് പറഞ്ഞ രാധാകൃഷ്ണന്‍, പദ്ധതി നിയമവിരുദ്ധ മണി ചെയിന്‍ ഇടപാടാണെന്ന് പരോക്ഷമായി സമ്മതിച്ചു. സംസ്ഥാനവ്യാപകമായ തട്ടിപ്പിന്റെ അന്വേഷണം ബിജെപി- കോണ്‍ഗ്രസ് നേതാക്കളിലേക്ക് നീളുമെന്നാണ് സൂചന. സൈന്‍ എന്ന തന്റെ സംഘടന 12 വര്‍ഷമായി നിസ്വാര്‍ഥ ജനസേവനം നടത്തുകയാണ്. കെ എന്‍ ആനന്ദകുമാര്‍ പറഞ്ഞാണ് അനന്തുകൃഷ്ണനെ പരിചയപ്പെട്ടത്. സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് പ്രവര്‍ത്തനമെന്ന് പറഞ്ഞെങ്കിലും അത് കിട്ടുന്നില്ലെന്ന് വൈകിയാണ് അറിഞ്ഞത്. അപ്പോഴേക്കും ആളുകളില്‍നിന്ന് സൈന്‍ പിരിച്ച പണം അനന്തുകൃഷ്ണന് കൈമാറിയിരുന്നുവെന്ന് രാധാകൃഷ്ണന്‍ പറയുന്നു.
അനന്തുകൃഷ്ണന്റെ നേതൃത്വത്തിലുള്ള കോണ്‍ഫെഡറേഷനുമായി കരാറില്‍ ഒപ്പിട്ടിരുന്നതായും രാധാകൃഷ്ണന്‍ സമ്മതിച്ചു. കഴിഞ്ഞ മെയ് വരെ പണം നല്‍കി. എന്നാല്‍, എത്ര പണം കൈമാറിയെന്ന് രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയില്ല. പണം അടച്ച അഞ്ചുശതമാനം പേര്‍ക്കേ ഇനി സ്‌കൂട്ടര്‍ നല്‍കാനുള്ളൂവെന്ന് അവകാശപ്പെട്ടെങ്കിലും എണ്ണം വെളിപ്പെടുത്തിയില്ല. അനന്തുകൃഷ്ണന്റെ പരിപാടികളില്‍ പങ്കെടുത്ത പൊതുപ്രവര്‍ത്തകരുടെയെല്ലാം പേരുകള്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അനന്തുകൃഷ്ണന് ഉന്നത രാഷ്ട്രീയ ബന്ധമെന്ന് പൊലീസ് വിശദീകരിച്ചിട്ടുണ്ട്, കൂട്ടു പ്രതികള്‍ ഉന്നത ബന്ധമുള്ള രാഷ്ട്രിയ നേതാക്കളെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരങ്ങള്‍ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രതി ബന്ധുക്കളുടെ പേരില്‍ പണം കൈമാറിയെന്നും കേരളത്തിന് പുറത്ത് ബിനാമി പേരില്‍ അനന്തുകൃഷ്ണന് സ്വത്തുക്കള്‍ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
തട്ടിയെടുത്ത പണം ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചുവെന്നും കസ്റ്റഡി അപേക്ഷയില്‍ പരാമര്‍ശമുണ്ട്. കേസില്‍ അനന്തു കൃഷ്ണനെ 5 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.