അനന്തുവിന്റെ മരണം; അന്വേഷണം വ്യാപകമാക്കി പോലീസ്; ആത്മഹത്യക്കുറിപ്പില്‍ അനന്തു പറഞ്ഞ് എന്‍.എം എന്ന ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്; ഇയാളില്‍ നിന്നും മൊഴിയെടുക്കാന്‍ നീക്കം; ആരോപണങ്ങള്‍ തള്ളി ആര്‍എസ്എസ്; അനന്തു ബാല്യകാലം മുതല്‍ ഉണ്ടായിരുന്നത് പിതാവിന്റെ ശാഖയില്‍; എന്‍.എം ആര്?
തിരുവനന്തപുരം: കോട്ടയം സ്വദേശിയായ യുവാവ് അനന്തു അജി (24)യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. തമ്പാനൂരിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനന്തുവിന്റെ മരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും, ദേശീയതലത്തിലെ രാഷ്ട്രീയ നേതാക്കളുടേയും മനുഷ്യാവകാശ സംഘടനകളുടേയും ശ്രദ്ധ നേടുകയും ചെയ്തതോടെയാണ് അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചത്.
ആത്മഹത്യയ്ക്കുമുന്‍പ് അനന്തു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത 15 പേജുകളുള്ള കുറിപ്പിലാണ് കേസിന്റെ മുഖ്യ സൂചനകള്‍. ആര്‍എസ്എസ് ശാഖയുമായി ബന്ധപ്പെട്ട നിരവധി പേരില്‍നിന്ന് ലൈംഗിക പീഡനം നേരിട്ടതായി കുറിപ്പില്‍ ആരോപണമുണ്ട്. ബാല്യകാലം മുതല്‍ തന്നെ പീഡനത്തിനിരയായതായും, മനോവിഷമം മൂലം ജീവന്‍ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയുമാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റില്‍ പരാമര്‍ശിച്ച ''എന്‍.എം'' എന്ന ചുരുക്കപ്പേരിലുള്ള വ്യക്തിയെക്കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ആരാണെന്നുള്ള സൂചന പോലീസിന് ലഭിച്ചതായി ആണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അനന്തുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴികള്‍ പൊലീസ് ഇതിനകം രേഖപ്പെടുത്തി. യുവാവിന് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായും അത് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
അനന്തുവിന്റെ മരണം അസ്വഭാവികമരണമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, ആത്മഹത്യ പ്രേരണക്കുറ്റം ചേര്‍ക്കാനുള്ള സാധ്യതയും തമ്പാനൂര്‍ പൊലീസ് പരിഗണിക്കുന്നുണ്ട്. അതേസമയം, ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നത് അനന്തുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് മറ്റൊരാള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു. യുവാവിന്റെ പിതാവ് സംഘടനയുടെ താലൂക്ക് ഭാരവാഹിയായിരുന്നു. 2019ലെ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്.
നാല് വയസുമുതല്‍ ശാഖയില്‍ നിന്നും പീഡനങ്ങള്‍ അനുഭവിച്ചിരുന്നു. ഇത് പുറത്ത് പറയാന്‍ സാധിക്കുന്നത് അതില്‍ നിന്നും പുറത്ത് വന്നതുകൊണ്ടാണ്. ഇത്രയും കാലം ഇക്കാര്യം പറയാതിരുന്നതും ഒന്നും ചെയ്യാതിരുന്നതും അമ്മയെയും സഹോദരിയെയും ഓര്‍ത്ത് മാത്രമാണ്. ഈ സംഭവത്തിന് ശേഷം കടുത്ത വിഷാദത്തിലായിരുന്നു. അച്ഛനാണ് ശാഖയില്‍ ചേര്‍ത്തത്. കുട്ടികളോട് മാതാപിതാക്കള്‍ എന്ന രീതിയില്‍ സ്‌നേഹം നല്‍കി വളര്‍ത്തണമെന്നും അവരെ കേള്‍ക്കാന്‍ തയ്യാറാകണമെന്നും അനന്തു ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരുന്നു.
യുവാവിന്റെ മരണം സംബന്ധിച്ച് കുടുംബം ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലെങ്കിലും, സംഭവത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. കേസിലെ എല്ലാ വശങ്ങളും പരിശോധിച്ച് സുതാര്യമായ അന്വേഷണം നടത്തുമെന്നും പൊലീസ് ഉറപ്പു നല്‍കി.