സ്വന്തം തറവാട് വീട് സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടും ഒരുകുലുക്കവുമില്ലാതെ 'പണി' തുടര്‍ന്നു; വീടുകള്‍ വാടകയ്ക്ക് എടുത്ത് അനധികൃതമായി പടക്ക നിര്‍മ്മാണം; കേസുകളുടെ കൂട്ടമുള്ള അനൂപ് കുമാറിനെ തിരിച്ചറിയാതിരിക്കാന്‍ അനൂപ് മാലിക്ക് എന്ന് പേരുമാറ്റി; ബന്ധുവായ മുഹമ്മദ് ആഷാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസില്‍ അനൂപ് അറസ്റ്റില്‍

മുഹമ്മദ് ആഷാം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കേസില്‍ അനൂപ് മാലിക്ക് അറസ്റ്റില്‍

Update: 2025-08-30 15:26 GMT

കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തില്‍ വീട് തകര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട കേസിലെ പ്രതി അനൂപ് മാലിക് കാഞ്ഞങ്ങാട് നിന്ന് അറസ്റ്റിലായി. ഉത്സവങ്ങള്‍ക്ക് പടക്കം നിര്‍മ്മിച്ചു നല്‍കുന്നതിനിടെയുണ്ടായ അപകടത്തില്‍ മുഹമ്മദ് ആഷാം ആണ് മരിച്ചത്. വീട് വാടകയ്‌ക്കെടുത്ത് അനധികൃതമായി പടക്കങ്ങള്‍ നിര്‍മ്മിച്ചുവന്ന അനൂപ് മാലിക്കിനെതിരെ സ്‌ഫോടകവസ്തു നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

2016-ലെ പുഴാതി പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും അനൂപ് മാലിക് പ്രതിയാണ്. സ്വന്തം തറവാട് വീട് സ്‌ഫോടനത്തില്‍ തകര്‍ന്നതിന് ശേഷം മറ്റ് വീടുകള്‍ വാടകയ്‌ക്കെടുത്ത് അനധികൃത പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു ഇയാള്‍. അലവില്‍ വീണവിഹാറില്‍ അനൂപ്കുമാര്‍ എന്ന അനൂപ് മാലിക് മുന്‍പും സമാനകേസുകളില്‍ പ്രതിയാണ്. അനൂപ് കുമാറിനെ തിരിച്ചറിയാതിരിക്കാനാണ് അനൂപ് മാലിക് എന്നു പേരുമാറ്റിയത്.

2016 മാര്‍ച്ച് 23ന് കണ്ണൂര്‍ പള്ളിക്കുന്നില്‍ നടന്ന സ്‌ഫോടനത്തില്‍ അനൂപിന്റെ വീട്ടിലുണ്ടായിരുന്ന 400ല്‍ അധികം കുഴിമിന്നലുകള്‍ക്ക് പുറമെ ഡൈനമൈറ്റുകളും ചൈനീസ് പടക്കങ്ങളും കണ്ടെത്തിയിരുന്നു. ഈ കേസില്‍ അനധികൃതമായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതിനും സൂക്ഷിച്ചതിനും കൈകാര്യം ചെയ്തതിനും അനൂപ് നേരത്തെ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന രാഷ്ട്രീയ സ്വാധീനം കാരണം പലപ്പോഴും ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

കണ്ണപുരം സ്‌ഫോടനത്തില്‍ മരിച്ച മുഹമ്മദ് ആഷാമിന്റെ ബന്ധുകൂടിയാണ് പ്രതിയായ അനൂപ് മാലിക്. നിലവില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

സ്‌ഫോടനത്തില്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം കൊല്ലപ്പെട്ടത് മുറിയില്‍ ഉറങ്ങി കിടക്കുമ്പോഴാണെന്ന് പൊലിസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മുറിയുടെ തൊട്ടടുത്തെ മുറിയിലാണ് ഇയാള്‍ ഉറങ്ങിക്കിടന്നിരുന്നത്. ഉഗ്രശബ്ദത്തോടെ ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ സ്‌ഫോടനമുണ്ടാവുകയും കട്ടിലില്‍ ഉറങ്ങിക്കിടന്നിരുന്ന ആഷാമിന്റെ ദേഹത്തേക്ക് മേല്‍ക്കൂര തകര്‍ന്നു വീഴുകയുമായിരുന്നു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം നടന്നത്. ഉത്സവാഘോഷങ്ങള്‍ക്ക് ലൈസന്‍സില്ലാതെ ഗുണ്ടും മറ്റും സ്‌ഫോടക വസ്തുക്കളും നിര്‍മ്മിച്ചു കൊടുക്കുന്നയാളാണ് അനൂപ് മാലിക്ക്. കണ്ണൂര്‍ ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. നിരവധി സ്‌ഫോടക കേസിലെ പ്രതിയെ ചൊല്ലി കോണ്‍ഗ്രസ് - സി.പി.എം നേതാക്കള്‍ പരസ്പരം പഴിചാരി രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News