വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്ത കേസ്; 75കാരനായ വീട്ടുടമസ്ഥന്റെ അറസ്റ്റ് വൈകുന്നു: 22കാരിയെ പീഡിപ്പിച്ചത് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തി

വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്ത കേസ്;വീട്ടുടമസ്ഥന്റെ അറസ്റ്റ് വൈകുന്നു

Update: 2024-10-24 00:42 GMT

കൊച്ചി: വൈറ്റിലയില്‍ വീട്ടുജോലിക്കാരിയെ ഗൃഹനാഥന്‍ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയിട്ടും അറസ്റ്റ് വൈകുന്നു. 22 വയസുള്ള ഒഡിഷ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. വീട്ടുടമസ്ഥനായ 75-കാരനാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും വീട്ടുടമസ്ഥന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയരുകയാണ്.

ശിവപ്രസാദ് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി യുവതിക്ക് നല്‍കിയ ശേഷം ബലാത്സംഗം ചെയ്‌തെന്നാണ് പൊലീസ് കേസ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന പദവിയിലിരുന്ന വ്യക്തിയുടെ അറസ്റ്റ് വൈകുന്നതിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. യുവതിയുടെ പരാതിയില്‍ ശിവപ്രസാദിനെതിരെ കേസെടുത്ത പൊലീസ് മെഡിക്കല്‍ പരിശോധനയും,രഹസ്യ മൊഴിയും രേഖപ്പെടുത്തി. എന്നാല്‍ അറസ്റ്റ് വൈകുകയാണ്.

ഒഡീഷയിലെ ഗജപതി ജില്ലയില്‍ നിന്നുള്ള ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച അവള്‍ രണ്ടാനമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 വയസ്സ് മുതല്‍ പലസ്ഥലങ്ങളിലായി വീട്ടു ജോലി ചെയ്ത് വരികയാണ്. കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് കൊച്ചിയിലെത്തിയത്. 15,000 രൂപ മാസശമ്പളത്തില്‍ വൈറ്റിലയിലെ കെ ശിവപ്രസാദിന്റെ വീട്ടില്‍ ജോലിയില്‍ പ്രവേശിക്കുക ആയിരുന്നു.

ഇക്കഴിഞ്ഞ 15-ാം തിയതി വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ശിവപ്രസാദ് യുവതിയെ പീഡനത്തിനിരയാക്കിയത്. ശീതളപാനീയത്തില്‍ മദ്യം നല്‍കിയായിരുന്നു വീട്ടുടമസ്ഥന്റെ അതിക്രമം. ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചു. ഇവര്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി ഇതരസംസ്ഥാനക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സിഎംഐഡി യുമായി ബന്ധപ്പെട്ടു.ഈ എന്‍ജിഒ പൊലീസ് സഹായത്തില്‍ യുവതിയെ വീട്ടില്‍ നിന്നും പുറത്തെത്തിച്ചു.

അറസ്റ്റ് വൈകിയതോടെ കഴിഞ്ഞ ദിവസം പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എറണാകുളം ജില്ല സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. യുവതി ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലും.നടപടികളില്‍ വീഴ്ച ഇല്ലെന്നും കുറ്റമറ്റ രീതിയില്‍ അന്വേഷണം ഉണ്ടാകുമെന്നും കൊച്ചി പൊലീസ് പ്രതികരിച്ചു.

Tags:    

Similar News