ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിക്കാം എന്ന വാഗ്ദാനത്തില്‍ കൈക്കൂലി വാങ്ങിയ പണ മോഹി; ആ കേസുള്ളതിനാല്‍ വിരമിച്ചിട്ടും ആനുകൂല്യം ഒന്നും കിട്ടിയില്ല; ഓട്ടോ ഓടിച്ച് നടന്ന മുന്‍ പോലീസുകാരന്റെ ഭാര്യയിലൂടെ കൈമാറിയത് ലക്ഷങ്ങളും; ആശാ ബെന്നിയുടെ കുറിപ്പിലുള്ളത് 'ബിനാമി ഇടപാട്' സൂചന; പ്രദീപും ഭാര്യയും ഉന്നത സംരക്ഷണയിലോ?

Update: 2025-08-20 12:42 GMT

കൊച്ചി: പണം കടം നല്‍കിയവരുടെ മാനസിക സമ്മര്‍ദംമൂലം കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്കു സമീപം പുളിക്കത്തറ വീട്ടില്‍ ആശാ ബെന്നി(41) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത മാത്രം. പ്രതികളിലൊരാളായ വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കൈക്കൂലി കേസിലും പ്രതിയാണ്. 2018-ല്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായ വാരാപ്പുഴ ശ്രീജിത്ത് കൊലക്കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നത്. പ്രതിപട്ടിയില്‍ നിന്ന് ശ്രീജിത്തിനെ മാറ്റാന്‍ വീട്ടുകാരോട് 10,000 രൂപ ഇയാള്‍ ആവശ്യപ്പെട്ടുവെന്നാണ് കേസ്. ഈ കേസ് കാരണം വിരമിച്ച ശേഷം ആനുകൂല്യങ്ങളൊന്നും പ്രദീപിന് കിട്ടിയിരുന്നില്ല. ഓട്ടോ ഓടിച്ചാണ് കഴിഞ്ഞിരുന്നത്. ഇതിനിടെയിലും വട്ട പലിശയ്ക്ക് കടം കൊടുക്കാന്‍ പ്രദീപിന്റെ ഭാര്യയ്ക്ക് എങ്ങനെ പണം കിട്ടിയെന്ന ചോദ്യം നിര്‍ണ്ണായകമാണ്. വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പൊലീസ് മര്‍ദ്ദിച്ച് അവശനാക്കിയ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് ചെയ്ത് ശ്രീജിത്തിന്‍രെ ഭാര്യ പിതാവില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയായിരുന്നു ക്രൂരത. ഈ കേസില്‍ ക്രൈംബ്രാഞ്ച് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സസ്‌പെന്‍ഷനിലായിരുന്നു.

പോലീസ് കസറ്റഡിയിലിരിക്കേയാണ് വരാപ്പുഴ സ്വദേശിയായ ശ്രീജിത്ത് മരിക്കുന്നത്. വരാപ്പുഴ ദേവസ്വംപാടത്ത് സി.പി.എം. അനുഭാവിയായ വാസുദേവന്റെ മരണത്തെ തുടര്‍ന്ന് പോലീസ് ആളുമാറി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്. പോലീസ് ഡ്രൈവറായിരുന്ന പ്രദീപിനെ 2018 ജൂണിലാണ് ശ്രീജിത്ത് കേസില്‍ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വാസുദേവന്റെ വീടാക്രമണക്കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ശ്രീജിത്തിനെ ഒഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദീപിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു. ശ്രീജിത്തിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് പ്രദീപ് ശ്രീജിത്തിന്റെ ബന്ധുക്കളില്‍ നിന്ന് വാങ്ങിയത്. രണ്ട് തവണയായി 5000 വീതമാണ് കൈക്കൂലിയായി നല്‍കിയത്. എന്നാല്‍ ഇതിനിടെ കസ്റ്റഡിയില്‍ വച്ച് ശ്രീജിത്ത് മരിച്ചു. സംഭവം കൈവിട്ടുപോയതോടെ അഭിഭാഷകര്‍ മുഖേനെ ഈ പണം ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കി. സര്‍വ്വീസില്‍ തിരിച്ചെത്തിയെങ്കിലും ആനുകൂല്യങ്ങള്‍ ഈ കേസ് കാരണം കിട്ടിയില്ല. അപ്പോഴും വലിയ തുകകള്‍ പ്രദീപിന്റെ ഭാര്യ കൈകാര്യം ചെയ്തുവെന്നാണ് ആശാ ബെന്നിയുടെ മരണം വ്യക്തമാക്കുന്നത്. ആരുടെയെങ്കിലും ബിനാമി തുകകളാണോ ഇതെന്നും സംശയമുണ്ട്.

പ്രതികളായ ബിന്ദുവിനെയും ഭര്‍ത്താവ് പ്രദീപിനേയും ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും പറവൂര്‍ പൊലീസ് അറിയിച്ചു. മരിച്ച ആശയും ബിന്ദുവും തമ്മില്‍ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. പൊലീസ് വീഴ്ചയാണ് ആശയുടെ മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശയുടെ ആത്മഹത്യാക്കുറിപ്പില്‍ അയല്‍വാസിയായ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഭാര്യ ബിന്ദുവില്‍ നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയെന്നും ഇത് തിരിച്ചു നല്‍കിയിട്ടും പലിശയും പലിശയ്ക്ക് മേല്‍ പലിശയും ചോദിച്ചു ഭീഷണിപ്പെടുത്തി എന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലും വീട്ടിലും നടന്ന ഭീഷണിപ്പെടുത്തലിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പറവൂര്‍ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തുന്നത്. ആത്മഹത്യാ കുറിപ്പിനെ കുറിച്ച് അറിഞ്ഞതോടെ പ്രദീപും ഭാര്യയും ഒളിവില്‍ പോയി.

ആശയ്ക്കും ബിന്ദുവിനും ഇടയില്‍ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടില്‍ വന്‍ ദുരൂഹതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. 10 ലക്ഷം രൂപ വരെ ആശ കൈകാര്യം ചെയ്തിട്ടും ഭര്‍ത്താവ് പോലും അതറിഞ്ഞിരുന്നില്ല. ബിന്ദു നല്‍കിയ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കും. തനിക്ക് ലഭിച്ച പണം ആശ എങ്ങനെ വിനിയോഗിച്ചു എന്നും അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും ദുരൂഹ സാമ്പത്തിക ഇടപാടുകളില്‍ ഈ പണം ആശ നിക്ഷേപിച്ചോ എന്നും സംശയമുണ്ട്. ബിന്ദുവിന് അപ്പുറം കൂടുതല്‍ ആളുകളില്‍നിന്ന് ആശ പണം കടം വാങ്ങിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വഴി ചുരുങ്ങിയ തുകയുടെ ഇടപാട് മാത്രമാണ് നടന്നത്. ബാക്കിയെല്ലാം പണമായിട്ട് തന്നെയാണ് നല്‍കിയത്. ഇങ്ങനെ പണം നല്‍കാന്‍ പ്രദീപിന്റെ ഭാര്യയ്ക്ക് പണം എവിടെ നിന്നു കിട്ടിയെന്നതും ദുരൂഹമാണ്. അതിനിടെ പൊലീസ് വീഴ്ചയാണ് ആശയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് പോലും ഭീഷണിപ്പെടുത്തിയിട്ടും പ്രദീപിനെതിരെ നടപടി എടുത്തിട്ടില്ലെന്ന് ആശയുടെ ബന്ധു അനീഷ് പറയുന്നു.

വട്ടിപ്പലിശക്കാരില്‍ നിന്നുള്ള സമ്മര്‍ദമാണ് ആശ ബെന്നിയുടെ മരണത്തില്‍ കൊണ്ടു ചെന്നെത്തിച്ചതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പുറത്തു വന്നിരുന്നു. ഇക്കാര്യം ആശ ഒരു ബുക്കില്‍ കുറിച്ചിരുന്നു. വട്ടിപലിശക്കാരുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ജീവനൊടുക്കുന്നു എന്നായിരുന്നു കുറിപ്പ് . രണ്ട് വര്‍ഷം മുന്‍പ് വാങ്ങിയ പത്ത് ലക്ഷം രൂപ, പലിശ സഹിതം 24 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. മുതലിന്റെ മൂന്നിരട്ടിവരെ മടക്കി നല്‍കിയിട്ടും പ്രദീപ്കുമാറും കുടുംബവും ഭീഷണി തുടര്‍ന്നു. ഇതിന്റെ പേരിലാണ് ജീവനൊടുക്കിയതെന്നാണ് ആശ കുറിപ്പില്‍ പറയുന്നത്. വീടിനടുത്തുള്ള മൂന്ന് കടമുറികളില്‍ രണ്ടെണ്ണം വാടകയ്ക്ക് നല്‍കി . ഒരെണ്ണത്തില്‍ പലചരക്ക് കച്ചവടം നടത്തുകയാണ് ആശയും ബെന്നിയും.

'ഞാന്‍ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു. ഭര്‍ത്താവ് ചിട്ടി പിടിച്ച എട്ടര ലക്ഷം രൂപയും സ്വര്‍ണം പണയം വച്ച പൈസയും മറ്റുള്ളവരില്‍ നിന്ന് സ്വര്‍ണം വാങ്ങി പണയം വച്ചും പ്രദീപിന്റെയും ബിന്ദുവിന്റെയും മുതലും പലിശയുമെല്ലാം നല്‍കി. ഇനി 22 ലക്ഷം രൂപ കൂടി നല്‍കണമെന്നും അതിന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടു കൊടുക്കണമെന്നും പ്രദീപും ബിന്ദുവും ആവശ്യപ്പെട്ടു' എന്നാണ് കുറിപ്പിലുള്ളത്. 'മരിക്കാന്‍ എനിക്ക് പേടിയാണ്, ഞാന്‍ എന്തു ചെയ്യും ദൈവമേ... അവരുടെ പ്രഷര്‍ കൊണ്ട് ഞാന്‍ 11ാം തീയതി കൈഞരമ്പ് മുറിച്ചു. ഇനിയും ഞാന് മൂന്നു പേപ്പറില്‍ ഒപ്പിടണം. അല്ലെങ്കില്‍ എന്റെ ഭര്‍ത്താവിനെും മക്കളെയും കുടുക്കും എന്ന് പറഞ്ഞ് ഇന്നലെയും ഭീഷണിപ്പെടുത്തി'. ഞാന്‍ മരിച്ചാല്‍ ഉത്തരവാദി ബിന്ദു പ്രദീപും കുടുംബവുമാണ്' എന്നും കുറിപ്പിലുണ്ട്.

കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നും കൃത്യമായ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശ ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുടുംബം എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഇത് പറവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും പറവൂരില്‍ പൊലീസ് ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചത്. പൊലീസ് സ്റ്റേഷനില്‍ നിന്നും എത്തിയ ഉടനെ പ്രദീപ് വീട്ടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തി എന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രദീപിന് പോലീസിലുള്ള ഉന്നത പിടിപാടിന് തെളിവാണ് ഇതെല്ലാം. പ്രദീപിനേയും ഭാര്യയേയും ഒളിവിലേക്ക് കൊണ്ടു പോയതും ചില ഉന്നതരാണെന്ന് സൂചനകളുണ്ട്.

Tags:    

Similar News