വാളയാറില്‍ രാസലഹരിയുമായി പിടിയിലായ അശ്വതി ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പ്; ഭര്‍ത്താവുമായി അകന്നു താമസിക്കവേ ആദ്യം ലഹരി ഉപയോഗം; പിന്നാലെ മൃദുലിന്റെ സ്വാധീനത്തില്‍ എംഡിഎംഎ വില്‍പ്പനയും; 21കാരനായ മകനെയും ഒപ്പംകൂട്ടി

വാളയാറില്‍ രാസലഹരിയുമായി പിടിയിലായ അശ്വതി ലഹരിക്കടത്ത് തുടങ്ങിയത് ഒരു വര്‍ഷം മുമ്പ്

Update: 2025-03-25 05:36 GMT

പാലക്കാട്: വാളയാറില്‍ രാസലഹരിയുമായി അമ്മയും മകനും സുഹൃത്തുക്കളും പിടിയിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തൃശൂര്‍ സ്വദേശി അശ്വതി (46), മകന്‍ ഷോണ്‍ സണ്ണി (21), കോഴിക്കോട് എലത്തൂര്‍ സ്വദേശികളായ പി മൃദുല്‍ (29), അശ്വിന്‍ ലാല്‍ (26) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് വില്‍പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 13 ഗ്രാം എംഡിഎംഎയുമായി സംഘത്തെ ഇന്നലെയാണ് എക്‌സൈസ് പിടികൂടിയത്.

പി മൃദുല്‍ ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറഞ്ഞു. അടുത്തകാലത്താണ് വീട്ടമ്മയായ അശ്വതിയെ ലഹരി വില്‍പനയിലേയ്ക്ക് എത്തിച്ചത്. അശ്വതി ഏറെക്കാലമായി ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. ഈ സമയത്താണ് മൃദുലിനെ പരിചയപ്പെടുന്നത്. ആദ്യം ലഹരി ഉപയോഗിച്ചുതുടങ്ങിയ അശ്വതി പിന്നീട് വില്‍പനയിലേയ്ക്ക് എത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഒരുവര്‍ഷം മുന്‍പാണ് ലഹരിക്കടത്ത് തുടങ്ങിയത്. ബംഗളൂരുവില്‍ നിന്ന് ലഹരി എത്തിച്ച് എറണാകുളത്ത് ചില്ലറ വില്‍പന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് വില്‍പനയ്ക്ക് മകനെയും ഒപ്പം കൂട്ടിയത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. പോലീസിന്റെ പരിശോധനയില്‍ പ്രതികളുടെ കാറില്‍ നിന്ന് മയക്കുമരുന്ന് ഗുളിക, സിറിഞ്ച്, ത്രാസ് എന്നിങ്ങനെ ഉള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്.

തൃശൂര്‍ സ്വദേശികളായ അശ്വതിയും മകനും എറണാകുളത്താണ് താമസിക്കുന്നത്. എറണാകുളത്ത് വില്‍ക്കാനാണ് സംഘം എംഡിഎംഎ എത്തിച്ചതെന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികള്‍ സഞ്ചരിച്ച കാറും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘമുണ്ടെന്ന് എക്‌സൈസ് പറഞ്ഞു.

Tags:    

Similar News