ആതിരയെ കഴുത്തറുത്തു കൊന്നയാളെ ഇനിയും കണ്ടെത്തിയില്ല; രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതി എവിടെയെന്ന് തുമ്പില്ലാതെ പോലീസ്; ഇന്‍സ്റ്റാഗ്രാം സുഹൃത്തായ യുവാവ് എല്ലാ മാസവും കഠിനംകുളത്ത് ആതിരയെ കാണാനെത്തി; ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദത്തിന് യുവതി വഴങ്ങാതെ വന്നതോടെ അരുംകൊല നടപ്പാക്കി ഫിസിയോ തെറാപ്പിസ്റ്റ്

ആതിരയെ കഴുത്തറുത്തു കൊന്നയാളെ ഇനിയും കണ്ടെത്തിയില്ല;

Update: 2025-01-23 00:51 GMT

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെന്ന യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഇനിയും കണ്ടെത്തിയില്ല. കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടില്ല. ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ആണ്‍ സുഹൃത്താണ് 30 കാരി ആതിരയെ കൊന്നതെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. കൊലക്ക് ശേഷം പ്രതി കൊണ്ടുപോയ ആതിരയുടെ സ്‌കൂട്ടര്‍ കണ്ടെത്താനായി എന്നത് മാത്രമാണ് അന്വേഷണത്തില്‍ ഇതുവരെയുണ്ടായ പുരോഗതി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ പൂജാരിയായ ഭര്‍ത്താവ് രാജീവ് പൂജ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ആതിരയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ചെല്ലാനം സ്വദേശിയായ യുവാവ് എല്ലാ മാസവും ആതിരയെ കാണാന്‍ കഠിനംകുളത്ത് എത്താറുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവാവാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നിഗമനം. ഈ സമയങ്ങളില്‍ യുവാവ് താമസിക്കാറുള്ള പെരുമാതുറയിലെ മുറിയില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. മൂന്ന് ദിവസം മുന്‍പ് ഇയാള്‍ തനിക്കൊപ്പം വരണമെന്നും ഇല്ലെങ്കില്‍ ആതിരയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഫിസിയോ തെറാപ്പിസ്റ്റായ പ്രതിക്ക് എറണാകുളത്തും കൊല്ലത്തും സുഹൃത്തുക്കളുണ്ട്. പ്രതി തന്നെ കൊണ്ടുവന്ന കത്തികൊണ്ടാണ് ആതിരയെ കുത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റഗ്രാം സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവും വീട്ടുകാരും അറിഞ്ഞ ശേഷം ആതിര ഈ ബന്ധത്തില്‍ നിന്നും പിന്നോട്ടുപോയിരുന്നു. ആതിരയെ കൊലപ്പെടുത്തിയ ശേഷം പ്രതി വീട്ടമ്മയുടെ സ്‌കൂട്ടറുമെടുത്താണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ വാഹനം വച്ച ശേഷം ട്രെയിന്‍ കയറി തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസിന്‍െ കണ്ടെത്തല്‍. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

സമൂഹമാധ്യമത്തിലൂടെ ദീര്‍ഘനാളായി ആതിരയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ആതിരയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാകാം പെരുമാതുറയില്‍ വാടകയ്ക്കു താമസമാരംഭിച്ചത് എന്നാണ് നിഗമനം. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാന്‍ ഇയാള്‍ ആതിരയോട് ആവശ്യപ്പെട്ടെങ്കിലും ആതിര അതു നിരസിച്ചതിന്റെ പകയാകാം കൊലപാതകത്തിനു കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.

കൊലപാതകി മതില്‍ ചാടിക്കടന്ന് തൊട്ടടുത്ത വീടിന്റെ ടെറസ് വഴിയാണ് ആതിരയുടെ വീട്ടിലെത്തിയതെന്നാണ് നിഗമനം. കുത്തേറ്റതിന്റെ ഫലമായി കഴുത്തു മുറിഞ്ഞ നിലയിലാണ് മൃതദേഹം കട്ടിലില്‍ കിടന്നത്.ആലിയാട് സ്വദേശികളായ കുട്ടപ്പന്റെയും അമ്പിളിയുടെയും മകള്‍ ആതിരയെ എട്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ക്ഷേത്ര ട്രസ്റ്റിന്റ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇവര്‍ താമസിക്കുന്നതും.

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാള്‍ തന്നെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭര്‍ത്താവ് രാജീവിനോട് തിങ്കളാഴ്ച ആതിര പറഞ്ഞിരുന്നു. രാജീവ് ഇക്കാര്യം പുറത്തു പറഞ്ഞില്ല. ആതിര കൊല്ലപ്പെട്ട ശേഷമാണ് രാജീവ് ക്ഷേത്ര ഭാരവാഹികളില്‍ ചിലരോടും പൊലീസിനോടും ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം റൂറല്‍ എസ് പി യുടെ സംഘം, ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ സംഘം, ഡാന്‍സാഫ് സംഘം, കഠിനംകുളം - ചിറയിന്‍കീഴ് പോലീസ് എന്നിങ്ങനെ നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.

Tags:    

Similar News