ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും; കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നത് ആണ് വൈകാന്‍ കാരണമെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള; മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് നാളെ ലഭിച്ചേക്കും
ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വൈകും
കൊല്ലം: ഷാര്‍ജയില്‍ ജീവനൊടുക്കിയ ചവറ സ്വദേശിനി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നതെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞു. ജൂലായ് 19നാണ് യുവതിയെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം സംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ഇതുവരെയും ലഭിച്ചിട്ടില്ല. നാളെ ഈ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. അതുല്യയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൊലപാതകം ആരോപിച്ച് അതുല്യയുടെ സഹോദരി അഖില ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് സതീഷ് ശങ്കര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചതിന്റെ തെളിവുകളും വീഡിയോയും പൊലീസിന് കൈമാറിയിരുന്നു. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഭര്‍ത്താവിനെതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയും വിഡിയോകളിലെ അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പെരുമാറ്റങ്ങളും കണക്കിലെടുത്ത് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു സതീഷ്.
പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും സൂചനയുണ്ട്. അതുല്യയുടെ മരണം പ്രത്യേക പൊലീസ് സംഘമാണ് അന്വേഷിക്കുന്നത്. ചവറ എസ്എച്ച്ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അമ്മയുടെ പരാതിയില്‍ സതീഷിന് എതിരെ കൊലപാതകം, ഗാര്‍ഹിക, സ്ത്രീപീഡന നിയമപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിച്ചു ആവശ്യമെങ്കില്‍ റീ പോസ്റ്റ്മോര്‍ട്ടം നടത്തും.
അതിനിടെ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെടുകയുണ്ടായി. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറയുകയുണ്ടായി.