മകളെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നതാണെന്ന് സംശയം; മരണം കൊലപാതകമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍; 'കുത്തിമലര്‍ത്തി ഞാന്‍ ജയിലില്‍ പോകും, ജീവിക്കാന്‍ സമ്മതിക്കില്ല' എന്ന് ഭീഷണി വീഡിയോ നിര്‍ണായകമാകുന്നു; സതീഷിന്റെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് അതുല്യയുടെ പിതാവ്

മകളെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നതാണെന്ന് സംശയം

Update: 2025-09-01 03:06 GMT

കൊല്ലം: ഷാര്‍ജയില്‍ മരിച്ച തേവലക്കര സ്വദേശി അതുല്യയുടെ മരണത്തില്‍ പ്രതി സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. മകളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി അതുല്യയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതക സംശയം ബലപ്പെടുത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളെന്ന് പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു. മകളെ ക്വട്ടേഷന്‍ കൊടുത്തു കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷ എന്നും രാജശേഖരന്‍ പിള്ള പറഞ്ഞു. ജൂലൈ 19 ന് ഷാര്‍ജ റോളയിലായിരുന്നു അതുല്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതുല്യയെ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്ത് വര്‍ഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയില്‍ പറയുന്നുണ്ട്.

വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് സതീശ് അതുല്യയെ മര്‍ദിക്കുന്നുമുണ്ട്. ഷാര്‍ജയില്‍ നിന്ന് പോകാന്‍ നോക്കിയാല്‍ അതുല്യയെ കുത്തിക്കൊന്ന് കൊലവിളിച്ച് ജയിലില്‍ പോകുമെന്നും അല്ലെങ്കില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുമെന്നും സതീശ് കൊലവിളി നടത്തുന്നതും വിഡിയോയില്‍ കാണാം.

'നീ എവിടെയും പോകില്ല,നീ പോയാല്‍ കുത്തിക്കൊന്ന് ജയിലില്‍ പോകും,അല്ലെങ്കില്‍ സ്വയം ചാകും..ജീവിതം ആഘോഷിച്ചിട്ടുണ്ട് ഞാന്‍. നിന്നെ തീര്‍ക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ഒരുമാസത്തെ ശമ്പളം കൂടി വേണ്ട.നീ ആര്‍ക്ക് വേണ്ടിയും ജീവിക്കില്ല'. സതീശ് ഭീഷണിപ്പെടുത്തുന്നതും വിഡിയോയില്‍ കാണാം.

പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മര്‍ദനമേറ്റു. മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പത്തു വര്‍ഷം പീഡനം സഹിച്ചെന്ന് അതുല്യ വിഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

നേരത്തെ യുഎഇയില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് സതീഷ് ശങ്കറിനെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. സതീഷിന്റെ ഗാര്‍ഹിക, മാനസിക പീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ പരാതി. അതേസമയം, ഹാജരാക്കിയ ദൃശ്യങ്ങള്‍ പഴയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

അതേസമയം കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കടുത്ത അതൃപ്തിയുണ്ടെന്നും കുടുംബം അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 19നാണ് ഷാര്‍ജയില്‍ ഭര്‍ത്താവ് സതീശിനൊപ്പം താമസിച്ചിരുന്ന അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം, അതുല്യയുടെ മരണം കൊലപാതകമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം.

ക്രൂരപീഡനത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയെങ്കിലും, ഇവ പഴയ ദൃശ്യങ്ങളാണെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ചിത്രങ്ങളുടെ ആധികാരികത തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു.

Tags:    

Similar News