അതുല്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും; ആത്മഹത്യയോ കൊലപാതകമോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം ഫലം നിര്‍ണായകം; ആവശ്യപ്പെട്ടാല്‍ നാട്ടിലും പോസ്റ്റ്‌മോര്‍ട്ടം; ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ക്ക് ബന്ധുക്കള്‍; പ്രത്യേക അന്വേഷണ സംഘം അതുല്യയുടെ ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും

അതുല്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും

Update: 2025-07-21 00:47 GMT

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ഇന്ന് തുടങ്ങിയേക്കും. ദുരൂഹമായ മരണമായതിനാല്‍ കൊലപാതകമാണോ എന്നറിയുന്നില്‍ പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍ കേസില്‍ അതീവനിര്‍ണായകമാണ്. അതേസമയം ഭര്‍ത്താവിനെതിരെ ഷാര്‍ജയില്‍ നിയമ നടപടികള്‍ തുടങ്ങാന്‍ ബന്ധുക്കള്‍ നീക്കം തുടങ്ങി.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവ കിട്ടിയാല്‍ നിയമനടപടി തുടങ്ങാനാണ് ഷാര്‍ജയിലുള്ള അതുല്യയുടെ സഹോദരി ഉള്‍പ്പടെ ബന്ധുക്കളുടെ തീരുമാനം. ഇന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവരുമായും കുടുംബം ബന്ധപ്പെടും. അന്വേഷണത്തിന്പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സംസ്ഥാന പൊലീസ് തീരുമാനിച്ചു.

ശാസ്താംകോട്ട സ്വദേശി സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. സതീഷിനെതിരായ പരാതിയില്‍ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സതീഷിന്റെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അതുല്യയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള തെളിവുകള്‍ കണ്ടെടുക്കണം.

അതുല്യയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിശദമായ മൊഴിയെടുക്കും. ശാസ്താംകോട്ട മനക്കര സ്വദേശിയായ സതീഷിന്റെ നിരന്തര പീഡനമാണ് മകളുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്റെ പരാതി. ഇക്കഴിഞ്ഞ 19-ാം തീയതിയാണ് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.

കുടുതല്‍ പേരില്‍ നിന്നും മൊഴിയടക്കം രേഖരിച്ച് കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. എഞ്ജിനിയറാണ് ശാസ്താംകോട്ട സ്വദേശിയായ സതീഷ്. ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ സതീഷും അതുല്യയും മാത്രമായിരുന്നു താമസം. വിവാഹം കഴിഞിട്ട് 11 വര്‍ഷമായി. 10 വയസുള്ള മകള്‍ ചവറ തെക്കുംഭാഗം കോഴിവിളയില്‍ അതുല്യയുടെ മാതാപിതാക്കള്‍ക്ക് ഒപ്പമാണ് കഴിയുന്നത്.

കേസില്‍ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ തേടിയിരുന്നു. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. 43 പവന്‍ സ്വര്‍ണം സ്ത്രീധനം ആയി ലഭിച്ചിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നുമാണ് പരാതി.

രണ്ടു ദിവസം മുന്‍പ് സതീഷ് മകളുടെ തലയില്‍ പ്ലേറ്റ് കൊണ്ട് അടിച്ചുവെന്നും വയറിന് ചവിട്ടി കഴുത്തിന് കുത്തി പിടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുല്യ ആത്മഹത്യ ചെയ്യാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്ന് പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞത്. അതുല്യക്ക് മകള്‍ ആരാധികയോട് അതിയായ സ്നേഹമായിരുന്നു. ആ സ്നേഹം മകളുടെ വാക്കുകളിലൂടെ കേട്ടിട്ടുണ്ട്. കുഞ്ഞിനോട് അത്ര സ്നേഹവും വാത്സല്യവുമാണ്. മുത്തേ, ചക്കരേ, അമ്മേടെ മുത്തേ എന്നൊക്കെയാണ് വിളിക്കുക. അങ്ങനെയുള്ള അതുല്യ, കുഞ്ഞിനെ മറന്ന് ആത്മഹത്യ ചെയ്യുമോ. ഒരിക്കലും ചെയ്യില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

സതീഷില്‍നിന്ന് അതുല്യയ്ക്കു നേരെ ക്രൂരമായ മര്‍ദനമായിരുന്നു എപ്പോഴും ഉണ്ടായിരുന്നതെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു. അതുല്യക്ക് ഒരു നിമിഷം പോലും സ്വസ്ഥതയോ സുഖമോ സന്തോഷമോ സതീഷ് കൊടുത്തിട്ടില്ല. എന്നിട്ടും അതുല്യ, അയാള്‍ക്കൊപ്പം കോംപര്‍മൈസ് ചെയ്തു ജീവിച്ചത് കുഞ്ഞിന് വേണ്ടിയാണ്. ഭാര്യയാണെന്ന പരിഗണന ഒരിക്കലും കൊടുത്തിട്ടില്ല. സതീഷിന് അതുല്യയെ വിവാഹം ചെയ്തുകൊടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സതീഷിന്റെ ഭീഷണിയും നിര്‍ബന്ധവുംമൂലമാണ് വിവാഹം കഴിച്ചുകൊടുത്തതെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു.

അതുല്യയെ വിവാഹം ചെയ്തുകൊടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സതീഷിന്റെ അമ്മ, തങ്ങളുടെ വീട്ടിലെത്തി അതുല്യയുടെ അമ്മയോടു പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു വിവാഹം. അതുല്യയുടെ അമ്മയ്ക്ക് ഈ വിവാഹത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹാലോചന വന്ന സമയത്ത് താന്‍ നാട്ടിലുണ്ടായിരുന്നില്ല. വേണ്ടെന്ന് തന്നെ വെച്ച ആലോചനയായിരുന്നു. പൊരുത്തമില്ലെന്ന് ജ്യോത്സ്യന്മാരും പറഞ്ഞിരുന്നു. എന്നിട്ടുപോലും നിര്‍ബന്ധബുദ്ധ്യാ നടന്ന വിവാഹമാണ്. സതീഷും സ്വന്തം അമ്മയും തമ്മില്‍പോലും ബന്ധമില്ലെന്നും അതുല്യയുടെ പിതാവ് പറഞ്ഞു.

വിവാഹത്തിന്റെ ആദ്യകാലത്തുതന്നെ സ്ത്രീധനം സംബന്ധിച്ച് പരാതിയും തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിവിന്റെ പരമാവധി സ്ത്രീധനം നല്‍കിയിരുന്നു. സതീഷ് സിവില്‍ എന്‍ജിനീയറാണ്. സാമാന്യം ഭേദപ്പെട്ട ശമ്പളമുള്ള ആള്‍ക്ക് ഇത്രയും സ്ത്രീധനം പോരെന്ന് പറഞ്ഞ് അതുല്യയെ പീഡിപ്പിച്ചിരുന്നു. അതൊക്ക പരിഹരിച്ചിരുന്നെന്നും രാജശേഖരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനിയായിരുന്നു അതുല്യ. രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ്. ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. അതുല്യയുടെയും സതീഷിന്റെയും ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്.

Tags:    

Similar News