ജോലി പോയതോടെ ഷാര്‍ജയില്‍ പ്രതിസന്ധി രൂക്ഷമായി; എല്ലാവരും കൈവിട്ടതോടെ നാട്ടിലേക്ക് വിമാനം കയറി; തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതും അറസ്റ്റ്; അതുല്യയെ പീഡിപ്പിച്ചതിന് തെളിവുകള്‍ ഏറെ; താല്‍കാലിക മുന്‍കൂര്‍ ജാമ്യത്തില്‍ ജയില്‍ ഒഴിവാക്കി സതീഷ് ശങ്കര്‍
തിരുവനന്തപുരം: ഷാര്‍ജയില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷ് തിരുവനന്തപുരത്ത് അറസ്റ്റില്‍. വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. സതീഷിനെ വലിയതുറ പൊലീസിനു കൈമാറി. സതീഷ് നേരത്തെ താല്‍കാലിക മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. അതുകൊണ്ട് തന്നെ ജാമ്യം നല്‍കി ഇയാളെ വിട്ടയച്ചു. ജാമ്യം കിട്ടിയതു കൊണ്ടാണ് സതീഷ് മടങ്ങിയെത്തിയത്.
മരണത്തിനു പിന്നില്‍ സതീഷാണെന്നു അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു. സതീഷ് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അതുല്യ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. അതുല്യയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് പിതാവ് രാജശേഖരന്‍പിള്ള ആവശ്യപ്പെട്ടിരുന്നു. സതീഷിനെതിരെ കേരള പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലെ അറസ്റ്റ്. നേരത്തെ ഷാര്‍ജയിലെ പോസ്റ്റ് മോര്‍ട്ടത്തില്‍ അതുല്യയുടേത് ആത്മഹത്യെന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിന്നീട് റീ പോസ്റ്റ് മോര്‍ട്ടവും നടന്നു.
ആത്മഹത്യ ചെയ്യുന്നതില്‍ ഷാര്‍ജയില്‍ കേസെടുക്കില്ല. അതുകൊണ്ടാണ് സതീഷിനെതിരെ ഷാര്‍ജാ പോലീസ് നടപടികള്‍ എടുക്കാത്തത്. ഷാര്‍ജയില്‍ ആത്മഹത്യാ പ്രേരണ കുറ്റകൃത്യമല്ല. എന്നാല്‍ കേരളത്തില്‍ അതൊരു കുറ്റമാണ്. നേരത്തെ സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ടിരുന്നു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചു. ഇതോടെയാണ് നാട്ടിലേക്ക് വന്നത്. സതീഷ് ഒരു വര്‍ഷം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളും വാട്സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്ത് വരികയും ചെയ്തു. ശാരീരിക, മാനസിക പീഡനങ്ങളുടെ വിവരം അമ്മയെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. ഇരുവരുടെയും കുടുംബങ്ങളുമായും അയല്‍ക്കാരുമായും സംസാരിച്ചപ്പോഴും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളുടെയും സംശയരോഗത്തിന്റെയും മദ്യപാനത്തിന്റെയും പേടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്. അതുല്യയെ കൊലപ്പെടുത്തിയതാണെന്ന അമ്മ തുളസീഭായിയുടെ മൊഴിയില്‍ തെക്കുംഭാഗം പോലീസ് സതീഷ് ശങ്കറിനെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. 30-ാം ജന്മദിനത്തിലാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സതീഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതുല്യയുടെ മരണത്തില്‍ തനിക്കും സംശയങ്ങളുണ്ടെന്നായിരുന്നു സതീഷിന്റെ വാദം. താന്‍ കാരണം അതുല്യ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ സതീഷ് കൊലപാതകമോ കൈയബദ്ധമോ ആകാമെന്നും അവകാശപ്പെടുകയുണ്ടായി. ഇതിനിടെ താന്‍ മര്‍ദിക്കാറുണ്ടെന്ന കാര്യവും സതീഷ് ശരിവെച്ചിരുന്നു. തനിക്ക് 9500 ദിര്‍ഹം ശമ്പളമുണ്ടെന്നും സതീഷ് വിശദീകരണത്തിനിടെ പറയുകയുണ്ടായി. ജോലി പോയതോടെ വലിയ പ്രതിസന്ധിയായി. ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങിയത്.