അധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന് കൂട്ടുകാരനോട് പറഞ്ഞു; ജിമ്മിലേക്ക് വരേണ്ടതില്ലെന്ന് ട്രെയ്‌നർ; കാര്യം അന്വേഷിച്ച പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ചു; അക്രമത്തിൽ കണ്ണിനും കഴുത്തിനും വയറിനും സാരമായി പരിക്ക്; മുന്‍ പോലീസ് ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള ജിമ്മിലെ ക്രൂരതയ്ക്ക് നടപടിയില്ല; ട്രെയ്‌നറെയും മകനെയും നിസാര വകുപ്പ് ചുമത്തി വിട്ടയച്ചു

Update: 2025-07-29 15:03 GMT

ആറ്റിങ്ങൽ: നാഗരൂരിൽ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച ജിം ട്രെയ്‌നർക്കും മകനുമെതിരെ പോലീസ് നടപടിയെടുക്കാത്തത് ഉന്നത തല സമ്മർദ്ദം കാണമെന്ന് ആരോപണം. മുന്‍ പോലീസ് ഉദ്യോഗസ്ഥന് കൂടി പങ്കാളിത്തമുള്ള ജിമ്മില്‍ വിദ്യാര്‍ത്ഥിയെ ആക്രമിച്ചവരെ നിസാര വകുപ്പ് ചുമത്തി വിട്ടയച്ചെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം. ആറ്റിങ്ങല്‍ നഗരൂര്‍ സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ചവിട്ടി വീഴ്ത്തിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണിനും കഴുത്തിനും വയറിനും സാരമായി പരുക്കേറ്റു. വിദ്യാര്‍ത്ഥി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഈമാസം 21നാണ് സംഭവം. കുട്ടികളായതിനാല്‍ അധികഭാരം ഉപയോഗിച്ചുള്ള പരിശീലനം വേണ്ടെന്ന നിര്‍ദേശം കൂട്ടുകാരനോട് പതിനാറുകാരന്‍ പറഞ്ഞതാണ് ട്രെയിനറുടെ മകനെ ചൊടിപ്പിച്ചത്. ജിമ്മിലേക്ക് വരേണ്ടതില്ലെന്ന് അറിയിച്ചതില്‍ വ്യക്തത തേടിയെത്തിയ വിദ്യാര്‍ഥിയെ ട്രെയിനറും മകനും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ആറ്റിങ്ങല്‍ പോലീസ് നിസാര വകുപ്പ് ചുമത്തി ട്രെയിനറെ വിട്ടയച്ചു. പിന്നാലെയാണ് പോലീസ് സ്വാധീനം ഉപയോഗിച്ചാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തിയത്.

ആക്രമണത്തില്‍ സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തിട്ടില്ല. കണ്ണിന്‍റെ കാഴ്ചക്കുറവും, കഴുത്തിനേറ്റ ക്ഷതവും പരിഹരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. മുന്‍ പോലീസ് ഉദ്യോഗസ്ഥന് പങ്കാളിത്തമുള്ള ജിമ്മിലാണ് അതിക്രമമുണ്ടായതെന്ന് പോലീസ് സമ്മതിക്കുന്നുണ്ട്. എന്നാൽ അന്വേഷണത്തില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്നാണ് പോലീസ് വാദം. സംഭവത്തിൽ ജിം നടത്തിപ്പുകാര്‍ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല. 

Tags:    

Similar News