മുറി ഒഴിഞ്ഞ ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചു; പിന്നാലെ വാക്കുതർക്കം; നോയിഡയിൽ വിദ്യാർത്ഥിനിയെ പി.ജി. ഉടമ മുടിയിൽ പിടിച്ച് വലിച്ച് മർദ്ദിച്ചു; ജനം കാഴ്ചക്കാരായി നിന്ന് ദൃശ്യങ്ങൾ പകർത്തി; വീഡിയോ വൈറൽ; ഉടമയ്‌ക്കെതിരെ കേസ്
നോയിഡ: ഉത്തർപ്രദേശിൽ വാടകയ്ക്ക് താമസിച്ചതിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ആവശ്യപ്പെട്ട വിദ്യാർത്ഥിനിയെ പേയിംഗ് ഗസ്റ്റ് (പി.ജി.) ഹോസ്റ്റൽ ഉടമ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഉത്തർപ്രദേശിലെ നോയിഡ, സെക്ടർ 62-ലെ രാജ് ഹോംസ് പി.ജി.-യിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.
മുറി ഒഴിഞ്ഞതിന് ശേഷം സെക്യൂരിറ്റി തുക തിരികെ വാങ്ങാനായി പി.ജി.യിൽ എത്തിയതായിരുന്നു വിദ്യാർത്ഥിനി. ഡെപ്പോസിറ്റ് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പി.ജി. ഉടമയും വിദ്യാർത്ഥിനിയും തമ്മിൽ തർക്കമുണ്ടായി. വാക്കേറ്റം രൂക്ഷമായതോടെ പി.ജി. ഓപ്പറേറ്റർ വിദ്യാർത്ഥിനിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴയ്ക്കുകയും കൈ തിരിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.
ഈ ദൃശ്യങ്ങൾ പകർത്തിയത് വിദ്യാർത്ഥിനിയുടെ സുഹൃത്താണ്. കെട്ടിടത്തിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ലാത്തതിനാൽ പുറത്തുനിന്നാണ് ഇയാൾ വീഡിയോ ചിത്രീകരിച്ചത്. പി.ജി. ഓപ്പറേറ്ററുടെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും വൻ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. പി.ജി.യുടെ പുറത്ത് വെച്ച് നടന്ന ആക്രമണം കണ്ടുനിന്നിട്ടും ആളുകൾ ഇടപെടാൻ മടിച്ചതിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്. നിരവധി പേർ വീഡിയോ ടാഗ് ചെയ്ത് ഉത്തർപ്രദേശ് പോലീസിനോട് ഉടൻ നടപടിയെടുക്കാൻ ആവശ്യപ്പെട്ടു.
नोएडा में PG संचालक महिला की गुंडागर्दी,सेक्टर 62 स्थित राज होम्स PG में एक लड़की के साथ की जमकर मारपीट,पीजी में रहने वाली युवती के साथ की मारपीट,युवती पीजी संचालक से सिक्योरिटी मांगने गई थी,थाना सेक्टर 58 क्षेत्र सेक्टर 62 का मामला@noidapolice @Uppolice pic.twitter.com/1aLuRDu2Zi
— shiv tyagi (@1shivtyagi) November 18, 2025
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ വൈറലായ സാഹചര്യത്തിൽ സെക്ടർ 58 കോട്‌വാലി പോലീസ് സ്റ്റേഷൻ അധികൃതർ വിഷയം ഏറ്റെടുക്കുകയും വിദ്യാർത്ഥിനിയുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പി.ജി. ഓപ്പറേറ്റർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിയായ പി.ജി. ഓപ്പറേറ്റർക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പുനൽകി.
