സഹോദരന് ഹരികുമാറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളില്‍ നിര്‍ണായക വിവരം; രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന് ഒറ്റയ്ക്കല്ല? അമ്മ ശ്രീതുവിനെയും പ്രതി ചേര്‍ക്കും; മൊഴിയിലെ വൈരുദ്ധ്യവും കുരുക്കായി; കുട്ടിയെ എന്തിന് കൊലപ്പെടുത്തി എന്നതില്‍ വ്യക്തമായ മറുപടി നല്‍കാതെ പ്രതി
വാട്സ്ആപ്പ് ചാറ്റുകളില്‍ നിര്‍ണായക വിവരം; അമ്മ ശ്രീതുവിനെയും പ്രതി ചേര്‍ക്കും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ ശ്രീതുവിനെയും പ്രതി ചേര്‍ക്കാനൊരുങ്ങി അന്വേഷണ സംഘം. ചോദ്യം ചെയ്യലില്‍ ലഭിച്ച മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും സഹോദരന് ഹരികുമാറുമായുള്ള വാട്സ്ആപ്പ് ചാറ്റുകളില്‍ നിന്നും നിര്‍ണായക വിവരം ലഭിച്ചതായാണ് വിവരം.
ഹരികുമാറിനെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതിലും പ്രതി വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്നും വിവരമുണ്ട്.
അച്ഛനൊപ്പാമായിരുന്നു കുട്ടിയെ ഉറക്കാന്‍ കിടത്തിയതെന്നായിരുന്നു ശ്രീതുവിന്റെ മൊഴി, എന്നാല്‍ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോള്‍ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തല്‍. അയല്‍വാസികളുടെ മൊഴികളില്‍ നിന്ന് ശ്രീതു പറയുന്നതില്‍ കഴമ്പില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തിയത്. മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയത്തിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തുന്നത്. ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും കണക്കുകൂട്ടല്‍. കൊന്നതിന് ശേഷം കിണറ്റില്‍ ഇട്ടതെന്നും പൊലീസ് സംശയിക്കുന്നു. വീട്ടില്‍ അമ്മാവന് ഉറങ്ങിയിരുന്ന മുറിയില്‍ തീപിടിത്തം ഉണ്ടായി.
കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭാവഭേദമില്ലാതെ അച്ഛനും അമ്മയും അമ്മാവനും മുത്തശ്ശിയും പ്രതികരിച്ചു . നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തു എന്നായിരുന്നു പോലീസിനോട് അമ്മാവന് പറഞ്ഞത്.
പുലര്‍ച്ചെ കുട്ടിയുടെ കരച്ചില് കേട്ടിരുന്നതായും അമ്മയുടെ മൊഴിയിലുണ്ട്. കുട്ടിയെ കാണാതാകുന്നതിനു മുന്‍പ് ഇന്നലെ ഈ വീട്ടില്‍ തീപിടിത്തം ഉണ്ടായെന്നും മൊഴിയുണ്ട്. കൂടാതെ ഇതേ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം രണ്ട് ദിവസം മുന്‍പ് പരാതിയും നല്‍കിയിരുന്നു. പിന്നീട് പരാതി പിന്‍വലിച്ചിരുന്നു. ഈ പരാതി വ്യാജമാണെന്നാണ് സൂചന.
വീട്ടിലെ ഷെഡില്‍ കുരുക്കിട്ട നിലയില്‍ പൊലീസ് മൂന്ന് കയറുകള്‍ കണ്ടെത്തി. മൂന്നും ബലമില്ലാത്തവയാണെന്നും ജീവനൊടുക്കാന്‍ പോന്നവയല്ലെന്നും പൊലീസ് പറയുന്നു. താഴെ ഒരു പ്ലാസ്റ്റിക് കസേരയും കണ്ടെത്തിയിട്ടുണ്ട്.
കുട്ടിയുടെ അമ്മയും അച്ഛനും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ദേവേന്ദുവിന്റെ മുത്തച്ഛന് മരിച്ച് 16 ദിവസം പിന്നിടുമ്പോഴാണ് കുഞ്ഞിന്റെ ദുരൂഹ മരണം സംഭവിക്കുന്നത്. കുഞ്ഞ് കാല് വഴുതി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ഇത് കൊലപാതകം തന്നെയെന്നുമായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം അമ്മാവന് ഹരികുമാര്‍ ഒറ്റയ്ക്ക് ഇത് ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു കൗണ്‍സിലര്‍ സുനില്‍ പറഞ്ഞത്. ഹരികുമാര്‍ അങ്ങനെ ചെയ്തുവെങ്കില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ സഹായം ഉണ്ടായിട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് താനാണെന്ന് ഹരികുമാര്‍ പൊലീസിനോട് സമ്മതിച്ചിരുന്നു. പിന്നാലെയാണ് സുനിലിന്റെ പ്രതികരണം.
'ഒരു കുട്ടിയെ പോലും നുള്ളിയതായുള്ള ഒരു പരാതി പോലും ഹരികുമാറിന് എതിരെ ഇല്ല. ഹരികുമാറിന് മെന്റല്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല. പണം കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ ശ്രീതു തയ്യാറാണ്. നേരത്തെ അമ്മ ആത്മഹത്യ ചെയ്യാന്‍ പോയെന്ന് പറഞ്ഞു ചികിത്സയ്ക്ക് പണം ചോദിച്ചിരുന്നു. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടേ ഇല്ല. 30 ലക്ഷം കാണാതായി എന്ന് കഴിഞ്ഞ ദിവസം പരാതി നല്കി. ഇത്ര ലക്ഷം രൂപ അവര്‍ക്ക് എങ്ങനെ ലഭിച്ചു. 58 ലക്ഷത്തോളം ബാധ്യത ശ്രീതു ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം ശ്രീതു അറിഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല', സുനില്‍ പറഞ്ഞു.
മാന്യമായി കഴിയുന്ന കുടുംബം ആയിരുന്നുവെന്നും ജോലി കിട്ടിയതിനു ശേഷമാണ് ശ്രീതു തരികിട ചെയ്തു തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡില്‍ ജോലി കിട്ടിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളുവെന്നും അതിനു ശേഷമാണ് കുഴപ്പം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീതുവിന്റെ ഭര്‍ത്താവ് ശ്രീജിത്തിന് നാട്ടുകാരുമായി യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യാണത്തിന് കണ്ടതിനു ശേഷം ഇപ്പോഴാണ് അയാളെ കാണുന്നതെന്നും അയാള്‍ ഇത് ചെയ്തെന്ന് കരുതുന്നില്ലെന്നും സുനില്‍ വ്യക്തമാക്കി.