ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത

Update: 2025-01-30 04:08 GMT

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് കാണാതായ കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു എന്ന രണ്ടു വയസുകാരിയെ ആണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ ചുരുളഴിക്കാന്‍ പോലീസ് ശ്രമം ശക്തമാക്കിയിട്ടുണ്ട്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. തുടര്‍ന്ന് ബാലരാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടു വയസുകാരിയെ കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയെ മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും തനിയെ കുട്ടി അവിടേ പോയി കിണറ്റിലേക്ക് വീഴാനുള്ള സാധ്യതയില്ലെന്നും ദുരൂഹതയുണ്ടെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഒരാളെ ചോദ്യം ചെയ്തുവരുകയാണെന്നും നെയ്യാറ്റിന്‍കര ഡിവൈഎസ്പി പറഞ്ഞു.

കൈവരികളുള്ള കിണറാണെന്നും കുട്ടി തനിയെ വീഴാന്‍ ഒരു സാധ്യതയില്ലെന്നും എംഎല്‍എ പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ ഉടന്‍ ഇവിടെ എത്തുകയായിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫയര്‍ഫോഴ്‌സുമെത്തി കിണറ്റില്‍ പരിശോധന നടത്തുകയായിരുന്നു. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരന്‍ കിടന്നിരുന്ന മുറിയില്‍ തീപിടിത്തമുണ്ടായിരുന്നു.

അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്റ് എംഎല്‍എ പറഞ്ഞു. പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടിയെന്നും അമ്മ പറഞ്ഞു. വിന്‍സെന്റ് എംഎല്‍എ അടക്കമുള്ളവര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അടിമുടി ദുരൂഹതയുള്ളതിനാലാണ് പൊലീസ് സംശയിക്കുന്നയാളെ ചോദ്യം ചെയ്യുന്നത്.

കുടുംബത്തിന്റെ മൊഴികളില്‍ വൈരുധ്യമുണ്ട്, കുട്ടിയുയെ അമ്മ, അച്ഛന്‍, മുത്തശ്ശി, അമ്മാവന്‍ എന്നിവരെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. 30 ലക്ഷം രൂപ കാണാതായെന്ന് കാണിച്ചു കുടുംബം രണ്ട് ദിവസം മുമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയില്‍ പോലീസ് കേസെടുത്തിരുന്നല്ലെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞിന്റെ അമ്മാവന്‍ കിടന്നിരുന്ന മുറിയില്‍ തീ പടര്‍ന്നതിന്റെ അടയാളങ്ങളുണ്ട്. ഇവിടെ നിന്നും മണ്ണെണ്ണയുടെ സാന്നിധ്യം പൊലീസിന് ലഭിച്ചു. ഇതോടെ വീട്ടകാരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    

Similar News