ബംഗ്ലാദേശില്‍ ഗാരേജില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു; ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഒരു അതിദാരുണ കൊലപാതകം കൂടി; ആസൂത്രിത കൊലപാതകമെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം തുടങ്ങി പോലീസ്

ബംഗ്ലാദേശില്‍ ഗാരേജില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു

Update: 2026-01-25 10:58 GMT

ധാക്ക: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ നടുക്കി വീണ്ടുമൊരു അരുംകൊല കൂടി. നര്‍സിംഗ്ഡി ജില്ലയിലെ ഒരു ഗാരേജിനുള്ളില്‍ ഉറങ്ങി കിടന്ന ഹിന്ദു യുവാവിനെ അജ്ഞാതര്‍ ചുട്ടുകൊന്നു. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഒരു യുവാവ് കൂടി അതിദാരുണമായി കൊല്ലപ്പെടുന്നത്. കുമില്ല സ്വദേശിയായ ചഞ്ചല്‍ ചന്ദ്ര ഭൗമിക്കാണ് (23) കൊല്ലപ്പെട്ടത്.

കൊലപാതകം ആസൂത്രിതമാണെന്ന് ചഞ്ചലിന്റെ കുടുംബം ആരോപിച്ചതോടെ പോലീസ് സ്ഥലത്തുനിന്ന് തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഖനാബാരി മോസ്‌ക് മാര്‍ക്കറ്റ് ഏരിയയിലെ ഗാരേജിലായിരുന്നു സംഭവം. കുമില്ല ജില്ലയിലെ ലക്ഷ്മിപുര്‍ ഗ്രാമത്തില്‍ നിന്നുള്ള ചഞ്ചല്‍, ജോലിയുമായി ബന്ധപ്പെട്ടാണ് നര്‍സിംഗ്ഡിയില്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഉറങ്ങാന്‍പോയ യുവാവിനെ അജ്ഞാതര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗാരേജിന് തീയിട്ടതോടെ അകപ്പെട്ടുപോയ യുവാവ് വൈകാതെ പൊള്ളലേറ്റ് മരിച്ചു.

അക്രമികള്‍ പുറത്തുനിന്ന് കടയുടെ ഷട്ടറില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടതോടെ തീ പെട്ടെന്ന് അകത്തേക്ക് പടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരു വീഡിയോയില്‍ കടയ്ക്ക് പുറത്ത് ഒരാള്‍ തീ കൊളുത്തുന്നത് കാണാം, തുടര്‍ന്ന് തീ നിമിഷങ്ങള്‍ക്കുള്ളില്‍ ഗാരേജിലേക്ക് പടര്‍ന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നര്‍സിംഗ്ഡി ഫയര്‍ സര്‍വീസിലെ ഒരു സംഘം സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണച്ചതിനുശേഷം, ചഞ്ചലിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഗാരേജിനുള്ളില്‍ നിന്ന് കണ്ടെടുത്തു.

കൊലപാതകം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ന്നു. സംഭവസ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News