ബിഗ് ബോസില്‍ അവസരം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും തട്ടിയത് പത്ത് ലക്ഷം; പണം തട്ടിയത് ഷോയുടെ നിര്‍മ്മാതാക്കളുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെത്തിയ ആള്‍: പണം കൈമാറിയത് എന്‍ഡമോള്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്നും ഡോക്ടര്‍

ബിഗ് ബോസില്‍ അവസരം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും തട്ടിയത് പത്ത് ലക്ഷം;

Update: 2025-08-11 02:10 GMT

മുംബൈ: പ്രശസ്ത ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ അവസരം വാഗ്ദാനം ചെയ്ത് ഭോപ്പാല്‍ സ്വദേശിയായ ഡോക്ടറില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ബിഗ്‌ബോസിന്റെ ഹിന്ദി പതിപ്പില്‍ അവസരം വാഗ്ദാനം ചെയ്ത് ത്വക്ക് രോഗ വിദഗ്ധനായ അഭിനീത് ഗുപ്തയ ആണ് തട്ടിപ്പിന് ഇരയാക്കിയത്. 2022ല്‍ കരണ്‍ സിങ് എന്നയാളാണ് ഡോക്ടറെ കബളിപ്പിച്ച് പണം തട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിനീതിന്റെ പരാതിയില്‍ ഓഷിവാര പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. നേരത്തെ, ഭോപ്പാല്‍ പോലീസിലും അഭിനീത് പരാതി നല്‍കിയിരുന്നു.

ബിഗ്‌ബോസ് ഷോയുടെ നിര്‍മ്മാതാക്കളുമായി നല്ല അടുപ്പമുണ്ടെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെത്തിയ കരണ്‍ എന്നയാളാണ് ഡോക്ടറില്‍ നിന്നും പണം തട്ടിയത്. ഷോയില്‍ അവസരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് ഡോക്ടര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. മുംബൈയില്‍ അടുത്തിടെ നടത്തിയ ഒരു പത്രസമ്മേളനത്തിലാണ് അഭിനീത് തനിക്ക് സംഭവിച്ച അമളിയെക്കുറിച്ച് വ്യക്തമാക്കിയത്.

വഞ്ചനാക്കുറ്റത്തിന് ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് പോലീസ് ഇപ്പോള്‍ കരണിനെതിരെ കേസെടുത്തിരിക്കുന്നത്. ഇനി ആരും തന്നെപ്പോലെ വഞ്ചിക്കപ്പെടരുതെന്നും, കരണിനെപ്പോലെ ഉള്ളവരെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകണമെന്നും അഭിനീത് പറഞ്ഞു. ഈ ഉദ്ദേശ്യത്തിലാണ് താന്‍ ഒരു പത്രസമ്മേളനം വിളിച്ചതെന്നും അഭിനീത് വ്യക്തമാക്കി.

ഷോയില്‍ പങ്കെടുക്കാനുള്ള അവസരത്തിന് ഒരു കോടി രൂപ നല്‍കണം എന്നാണ് കരണ്‍ ആദ്യം എന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ അത്രയും പണം എന്റെ കൈവശമില്ലെന്ന് പറഞ്ഞതോടെ അയാള്‍ മുംബൈയിലേക്ക് തിരികെ പോയി. പിന്നാലെ, അവിടെ നിന്ന് അയാളുടെ സഹപ്രവര്‍ത്തകരോട് എന്നെക്കൊണ്ട് സംസാരിപ്പിച്ചു. തുക അവര്‍ 60 ലക്ഷം ആക്കി കുറച്ചതായും അഭിനീത് പറയുന്നു. ഇതോടെയാണ് താന്‍ ഷോയില്‍ പങ്കെടുക്കാന്‍ പണം നല്‍കാന്‍ തീരുമാനിച്ചത്.

ഇതോടെ പണം നേരിട്ട് നല്‍കണം എന്ന് ആവശ്യപ്പെട്ട് കരണ്‍ അഭിനീതിനെ മുംബൈയിലേക്ക് വിളിച്ചുവരുത്തി. എന്നിട്ട് എന്‍ഡമോള്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റായ ഹരീഷ് ഷായുമായി ഒരു കൂടിക്കാഴ്ച ഏര്‍പ്പാടാക്കി നല്‍കിയതായും അതിനുശേഷമാണ് താന്‍ കരണിന് പത്ത് ലക്ഷം രൂപ കൈമാറിയതെന്നും അഭിനീത് പറഞ്ഞു.

എന്നാല്‍, ബിഗ് ബോസ് സീസണ്‍ 16-ലെ മത്സരാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് കരണിനോട് ചോദിച്ചപ്പോള്‍, വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഷോയുടെ മധ്യത്തില്‍ പ്രവേശിക്കാമെന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അതുമണ്ടായില്ല. സീസണ്‍ അവസാനിച്ചതിന് ശേഷം, കരണിനോട് ചോദിച്ചപ്പോള്‍, അടുത്ത സീസണില്‍ പങ്കെടുപ്പിക്കാമെന്ന് പറഞ്ഞ് കരണ്‍ കയ്യൊഴിഞ്ഞു.

എന്നാല്‍ അടുത്ത സീസണിലും തനിക്ക് അവസരം ലഭിച്ചില്ല. 'സീസണ്‍ 17 അവസാനിച്ചതോടെ കരണിനോട് പണം തിരികെ ചോദിച്ചെങ്കിലും പണം തിരികെ നല്‍കാനും കരണ്‍ തയ്യാറായില്ല. ഇതോടെയാണ് ഡോക്ടര്‍ പരാതിയുമായി പോലിസിനെ സമീപിക്കുന്നത്. എന്നാല്‍ കേസെടുക്കാന്‍ പോലും പോലിസ് തയ്യാറായില്ലെന്ന് അഭിനീത് പറയുന്നു. ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം വളരെ പ്രയാസപ്പെട്ടാണ് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാന്‍ പോലും കഴിഞ്ഞതെന്നും ഡോക്ടര്‍ പറയുന്നു.

Tags:    

Similar News