സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തര്‍ക്കം, മദ്യപിച്ച് അമ്മയെ ഉപദ്രവിക്കാന്‍ ചെന്നു; ഫ്‌ളാസ്‌ക് എടുത്ത് തലക്കടിച്ച് കൊന്നത് സഹോദരി: ജനനേന്ദ്രിയത്തില്‍ ചവിട്ടിയത് സഹോദരന്‍; ബിബിന്റെ കൊലപാതകത്തില്‍ അമ്മയും സഹോദരങ്ങളും പിടിയില്‍

Update: 2024-11-09 00:14 GMT

ഇടുക്കി: ഇടുക്കിയില്‍ തൂങ്ങി മരിച്ചെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. യുവാവിനെ കൊലപ്പെടുത്തിയെന്ന പോലീസ് അന്വേഷണത്തില്‍ അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റിലായി. ഇടുക്കി പള്ളിക്കുന്ന് വുഡ് ലാന്‍ഡ്‌സ് എസ്റ്റേറ്റിലെ ബിബിന്റെ മരണത്തിന് ഉത്തരവാദികളായ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്. ബിബിന്‍ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയില്‍ ഉറച്ചുനിന്നത് പോലീസിനെ ഏറെ കുഴപ്പിച്ചിരുന്നു. ആത്മഹത്യയാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചുപറഞ്ഞു. ഒടുവില്‍ തെളിവുകള്‍ നിരത്തി മണിക്കൂറുകള്‍ നീണ്ട വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്

വുഡ് ലാന്‍ഡ്‌സ് എസ്റ്റേറ്റില്‍ താമസിക്കുന്ന കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബുവിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരമാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആത്മഹത്യയെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.

സംഭവ ദിവസം ഇവരുടെ വീട്ടില്‍ ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷ ചടങ്ങുകള്‍ നടക്കുകയായിരുന്നു. ഇതിനിടെ ബിബിന്‍ ബാബു മദ്യപിച്ച് വീട്ടിലെത്തി. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. മുന്‍പും ഇതേച്ചൊല്ലി വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട്. തര്‍ക്കത്തിനിടെ ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട സഹേദരി ബിനീത വീട്ടിലിരുന്ന ഫ്‌ലാസ്‌കെടുത്ത് ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഈ അടിയാണ് മരണ കാരണമായത്.

സംഘര്‍ഷത്തിനിടെ സഹോദരന്‍ വിനോദിന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയവും തകര്‍ന്നു. അനക്കമില്ലാതായപ്പോള്‍ മരിച്ചെന്ന് കരുതിയാണ് ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അറസ്റ്റിലായ മൂവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

Tags:    

Similar News