ദൃശ്യം നാല് നടപ്പാക്കിയെന്ന് ജോമോന്‍ പറഞ്ഞത് അടുത്ത ബന്ധുവായ എബിനോട്; തട്ടിക്കൊണ്ടു പോകല്‍ പദ്ധതിയിലും അറിവ്; ഫോണ്‍ സംഭാഷണം തുമ്പായതോടെ ബിജു കൊലക്കേസില്‍ നിര്‍ണായക അറസ്റ്റ്; ചോദ്യംചെയ്യലിന് ഹാജരാകാതെ ജോമോന്റെ ഭാര്യ
ദൃശ്യം നാല് നടപ്പാക്കിയെന്ന് ജോമോന്‍ പറഞ്ഞത് അടുത്ത ബന്ധുവായ എബിനോട്;
തൊടുപുഴ: തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകത്തില്‍ നിര്‍ണായക അറസ്റ്റുമായി പോലീസ്. കേസില്‍ നിര്‍ണായക വിവരങ്ങളറിയുന്ന പ്രവിത്താനം സ്വദേശി എബിന്‍ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമാണ് ഇയാള്‍. ഇയാള്‍ക്ക് ബിജുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ നീക്കങ്ങളെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു.
ബിജുവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതുള്‍പ്പെടെ ഇയാള്‍ക്കറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടിയിരുന്നു. കൊലപാതകത്തിനുശേഷം ജോമോന്‍ ആദ്യം ഫോണില്‍ വിളിച്ച് ദൃശ്യം സിനിമയുടെ നാലാം ഭാഗം നടപ്പാക്കിയെന്ന് പറഞ്ഞതും എബിനോട് ആയിരുന്നു. തട്ടിക്കൊണ്ടുപോകലുള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും ജോമോന്‍ നേരത്തെ എബിനുമായി പങ്കുവച്ചിരുന്നു. ഇരുവരുടെയും നിര്‍ണായക ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പൊലീസിന് കിട്ടി.
മാര്‍ച്ച് 15 മുതല്‍ നടന്ന ആസൂത്രണത്തിലും എബിന് പങ്കാളിത്തമെന്ന് സൂചന. ക്വട്ടേഷന്‍ സംഘാംഗങ്ങളെ കൊച്ചിയില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന അന്നും ജോമോന്‍ എബിന് വിവരങ്ങള്‍ നല്‍കി. ഓമ്‌നി വാന്‍ കിട്ടുമോ എന്നും ജോമോന്‍ എബിനോട് ചോദിച്ചു. കൃത്യത്തിന് ശേഷം പുതിയ ഫോണ്‍ വാങ്ങാന്‍ ജോമോന് പണം നല്‍കിയതും എബിനാണെന്നാണ് വിവരം.
ഇരുവരുടെയും ശബ്ദ പരിശോധനയും അന്വേഷണ സംഘം പൂര്‍ത്തിയാക്കി. ഗൂഡാലോചന, കുറ്റകൃത്യം മറച്ചുവയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിട്ടും ജോമോന്റെ ഭാര്യ അന്വേഷണ സംഘം മുമ്പാകെ ഹാജറായിട്ടില്ല.
സംഭവത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളറിയാവുന്ന ജോമോന്റെ ഭാര്യയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ ഒളിവിലാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി മാറി നില്‍ക്കകയെന്നാണ് പൊലീസിന് കിട്ടിയ വിവരം. അതേസമയം ജോമോന്‍, മുഹമ്മദ് അസ്‌ലം, ജോമിന്‍ കുര്യന്‍ എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
കഴിഞ്ഞമാസമാണ് പുലര്‍ച്ചെ വീടിന് പുറത്തിറങ്ങിയ ബിജു ജോസഫിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോകുന്നത്. വാഹനത്തിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ബിജുവിനെ കലയന്താനിയിലുള്ള കേറ്ററിംഗ് ഗോഡൗണിലെ മാന്‍ ഹോളിനുള്ളില്‍ മറവ് ചെയ്തു. ബിജുവിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
കൊല്ലപ്പെട്ട ബിജു ജോസഫും ജോമോനും മുന്‍പ് ബിസിനസ് പങ്കാളികളായിരുന്നു. വളരെക്കാലമായി ഇവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് കൊലയില്‍ കലാശിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യക്കുഴിയില്‍ മൃതദേഹം താഴ്ത്തി കോണ്‍ക്രീറ്റ് ഇട്ട് മൂടുകയായിരുന്നു. ബിജുവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ മഞ്ജു നല്‍കിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.